അഹമ്മദാബാദ്: ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുൻ മന്ത്രിസഭകളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം നിലനിൽക്കേയായിരുന്നു സത്യപ്രതിജ്ഞ.



മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കൊപ്പം രാജിവെച്ച മുൻ മന്ത്രിമാരിൽ ചിലർ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ മന്ത്രിസഭാ യോഗം ചേർന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രതിഷേധങ്ങൾ ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും എന്താണൊ പറയുന്നത് അത് മറ്റുള്ളവർ അനുസരിക്കണം അവരെ വെല്ലുവിളിക്കാൻ ആർക്കും സാധിക്കില്ലെന്ന് ഒരു ബിജെപി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്തിലെ കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ വിജയ് രൂപാണിയുടെ പരാജയം ചർച്ചയായിരുന്നു. ഓക്സിജന്റെ അഭാവം മൂലം നിരവധി മരണങ്ങൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ ബാധിക്കുമെന്ന് വന്നതോടെയാണ് രൂപാണിയെ സ്ഥാനത്ത് നിന്നും നീക്കിയത്.

 

പട്ടേൽ സമുദായവുമായി പാർട്ടി അകലുന്നുവെന്ന വിദഗ്ദ്ധരുടെ നിർദ്ദേശം കണക്കിലെടുത്താണ് പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. സമുദായത്തിന് അർഹിച്ച അംഗീകാരം നൽകുന്നത് വഴി ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ പട്ടേൽ പിന്തുണ ഉറപ്പിക്കുകയും ചെയ്യാം. ഷായുടെ ഇഷ്ടക്കാരനായ രൂപാണിയെ മാറ്റാൻ മോദി തന്നെയാണ് മുൻകൈ എടുത്തതെന്നും സൂചനയുണ്ട്.