മനാമ: രാജ്യത്ത് സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം രണ്ടായിരത്തോളം സുരക്ഷാക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ആൾക്കൂട്ടത്തിൽ കുറ്റവാളികളെ തിരിച്ചറിയുവാനായി അത്യാധുനിക ഫേസ് റക്കഗ്‌നിഷൻ സംവിധാനത്തോട് കൂടിയ ക്യാമറകളാണ് സ്ഥാപിക്കുക.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ക്യാമറകൾ നിർവഹിക്കുക. വിവിധ ഭാഗങ്ങളെ നിരീക്ഷിക്കുക, വാഹനങ്ങളെയും വ്യക്തികളെയും തിരിച്ചറിയുക എന്നിവയാണത്. കൺട്രോൾ റൂമിലിരുന്നു കൊണ്ട് ഒരറ്റ ഷോട്ടിൽ 75 മുഖങ്ങൾ വരെ സ്‌കാൻ ചെയ്യാൻ സാധിക്കും. ആൾക്കൂട്ടത്തിൽ അഥവാ പിടികൂടപ്പെടെണ്ട കുറ്റവാളികളുണ്ടെങ്കിൽ അവരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ പൊലീസ് സേനയെ അറിയിക്കുവാനും ഈ ക്യാമറകൾക്ക് സാധിക്കും.

ഒരാളുടെ മുഖം സ്‌കാൻ ചെയ്യുന്നതിലൂടെ മിനിട്ടുകൾക്കകം തന്നെ അവരുടെ സ്മാർട്ട് കാർഡ് വിവരങ്ങൾ പരിശോധിക്കുവാനും സംവിധാനമുണ്ട്. വാഹനങ്ങളാണെങ്കിൽ അതിന്റെ രജിസ്‌റ്റ്രെഷൻ, ഉടമയുടെ മേൽവിലാസം തുടങ്ങി മുഴുവൻ വിവരങ്ങളും ലഭിക്കും. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇത് ഏറെ ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. മനാമ, ബുദൈയാ തുടങ്ങിയ ജനനിബിഡമായ ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

ബഹ്‌റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ.എസ്.എസ് ടെക്‌നോളജിയും ക്‌നൈഡർ ഇലക്റ്റ്രിക്കും സംയുക്തമായാണ് ഇതിനുള്ള സംവിധാനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് വിതരണം ചെയ്യുന്നത്.