- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറിഡിയം കൈവശംവെക്കാൻ അനുമതിയുണ്ടെന്ന ഡിആർഡിഒയുടെ പേരിലുള്ള രേഖയും വ്യാജം; മോൻസൺ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി; കൈവശമുള്ള ഇറിഡിയവും തട്ടിപ്പെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഡിആർഡിഓയുടെ പേരിൽ മോൻസൺ നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കേസ് എടുത്തത്. ഇറിഡിയം കൈവശംവെക്കാൻ മോൻസന് അനുമതിയുണ്ടെന്നുള്ളതായിരുന്നു രേഖ. ഇതോടെ ഇയാൾക്കെതിരെയുള്ള ആറാമത്തെ കേസാണ് രജിസ്റ്റർ ചെയ്യുന്നത്.
റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർഥമായ ഇറിഡിയം തന്റെ കൈവശമുണ്ടെന്ന് മോൻസൺ പറഞ്ഞിരുന്നു. ഡിആർഡിഒയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിർമ്മിച്ചാണ് ഇയാൾ രേഖയുണ്ടാക്കിയതെന്ന് കണ്ടെത്തി. കലൂരിലെ വീട്ടിൽ നിന്നാണ് വ്യാജ രേഖ കണ്ടെത്തിയത്. വിശാദാംശങ്ങൾ തേടി ക്രൈംബ്രഞ്ച് ഡിആർഡിഓയ്ക്ക് കത്ത് നൽകി.
മോൻസന്റെ കൈവശമുള്ള ഇറിഡിയം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച മോൻസനെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സംസ്കാര ചാനലുമായി ബന്ധപ്പെട്ട കേസിലും ശിൽപി സുരേഷ് നൽകിയ പരാതിയിലും തെളിവെടുപ്പ് നടത്താനാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
മോൻസൻ പ്രതിയായ കേസുകളിൽ കേരള പൊലീസിന്റെ അന്വേഷണം ഫലപ്രദമാവില്ലെന്ന അഭിപ്രായമാണു ശക്തമാകുന്നത്. തട്ടിപ്പിന്റെ വിദേശ ബന്ധങ്ങൾ പുറത്തുവന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറി തലവേദന ഒഴിവാക്കാൻ സംസ്ഥാന സർക്കാരിനു കഴിയും. ഇതിനുള്ള തെളിവുകളാണു ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ ശേഖരിക്കാൻ ശ്രമിക്കുന്നത്.
തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാൻ പദ്ധതി ഉണ്ടായിരുന്നതായി മോൻസൻ മാവുങ്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ടിവി സംസ്കാര ചാനൽ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ഇതിനു വേണ്ടിയായിരുന്നെന്നു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ചാനലിന്റെ ചെയർമാൻ ആകാൻ 10 ലക്ഷം രൂപ മോൻസൻ കൈമാറിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മോൻസൻ ചെയർമാനായില്ല. മറ്റു ചില സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. അതിന്റെ രേഖകൾ കൈവശമുണ്ട്.
അതിനിടെ അകന്ന ബന്ധുവും സുഹൃത്തുമായ തുറവൂർ സ്വദേശിയെ കബളിപ്പിച്ച് മോൻസൻ മാവുങ്കൽ ഒന്നരലക്ഷം രൂപ തട്ടിയതായി പരാതി കൂടി ലഭിച്ചിട്ടുണ്ട്. തുറവൂർ വളമംഗലം കോട്ടപ്പള്ളി ബിജുമോനാണ് കുത്തിയതോട് സിഐക്കു പരാതി നൽകിയത്. പൊലീസ് കേസെടുത്തു. പരാതിയിൽ പറയുന്നത്: ബാങ്കിൽനിന്നു വൻതുക പിൻവലിക്കണമെങ്കിൽ ആർബിഐക്ക് ടാക്സ് ഇനത്തിൽ നൽകാൻ 10 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് 2017 ഡിസംബർ 29നു മോൻസൻ മാവുങ്കൽ പറഞ്ഞു. അതിനായി 2 ലക്ഷം വേണമെന്നും 20 ദിവസത്തിനകം തിരികെ നൽകാമെന്നും പറഞ്ഞ് ബിജുമോന്റെ സഹോദരൻ വഴി സമീപിക്കുകയായിരുന്നു. ബിജുമോൻ ഭാര്യയുടെ ആഭരണം പണയപ്പെടുത്തിയാണു പണം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ