പാരീസ്: ക്രിസ്മസ് ആഘോഷങ്ങൾ ചൂടുപിടിച്ചു വരവേ തെക്കു പടിഞ്ഞാറൻ ഫ്രാൻസിൽ പക്ഷിപ്പനി കണ്ടെത്തി. പുതുതായി നാലു കേസുകളാണ് ഡോർഡോഗ്നെ മേഖലയിലെ ഒരു പോൾട്രി ഫാമിൽ കണ്ടെത്തിയിരിക്കുന്നത്. ആദ്യം മൂന്നു കേസുകൾ കണ്ടെത്തിയിരുന്നെങ്കിലും നാലാമതായി മറ്റൊരു കേസുകൂടി കണ്ടെത്തിയതോടെ ഫാമിലെ നാലായിരത്തഞ്ഞൂറോളം കോഴികളേയും ആയിരത്തോളം താറാവുകളേയും കൊന്നൊടുക്കി.

2006-ൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനിയെ തുടർന്ന് ഇപ്പോൾ ചില കേസുകൾ കണ്ടെത്തിയിരിക്കുന്നത് യൂറോപ്പിലെ ഏറ്റവും വലിയ അഗ്രികൾച്ചർ നിർമ്മാതാക്കളായ ഫ്രാൻസിനെ ഒട്ടൊന്നുമല്ല ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. മനുഷ്യജീവനു തന്നെ ഭീഷണി ഉയർത്തുന്ന പക്ഷിപ്പനി വൈറസുകളുടെ തിരിച്ചുവരവ് ക്രിസ്മസ് ആഘോഷങ്ങൾക്കു മങ്ങലേൽപ്പിക്കുമെന്നാണ് കരുതുന്നത്. താറാവ്, ഗൂസ് തുടങ്ങിയവയുടെ കരളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഫോയ് ഗ്രാസിന് ഏറെ ആവശ്യമുള്ള സീസൺ ആണിത്. ഇതിനിടയിൽ തന്നെ പക്ഷിപ്പനി കണ്ടെത്തിയത് പോൾട്രി ബിസിനസിനും തിരിച്ചടിയാകും.

ഫ്രാൻസിൽ പുതുതായി പക്ഷിപ്പനി കണ്ടെത്തിയെന്ന വാർത്തയെതുടർന്ന് എട്ടു രാജ്യങ്ങളിൽ ഫ്രഞ്ച് പോൾട്രി ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞു. ഫോയ് ഗ്രാസിന്റെ പ്രധാന ഉപയോക്താക്കളായ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം വൈറസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പോൾട്രി ഉത്പന്നങ്ങളുടെ വ്യാപാരം അടക്കമുള്ള നടപടികൾ സ്വീകരിച്ചതായി അഗ്രികൾച്ചർ മിനിസ്ട്രി വ്യക്തമാക്കി.