ഡബ്ലിൻ: വീടുകൾക്കുള്ള ബിൻ ചാർജിൽ പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കവുമായി പരിസ്ഥിതി ഡിപ്പാർട്ട്‌മെന്റ്. വേസ്റ്റിന്റെ തൂക്കത്തിനനുസരിച്ച് ഫീസ് ഈടാക്കാനുള്ള നീക്കവുമായാണ് പരിസ്ഥിതി ഡിപ്പാർട്ട്‌മെന്റ് എത്തുന്നത്. ഇത് ബിൻചാർജിൽ 90 ശതമാനം വരെ ഇളവ് നേടിത്തരുമെന്നും പറയപ്പെടുന്നു. എന്നാൽ ജൂലൈ മുതൽ ആദ്യമായി ഗ്രീൻ ബിന്നുകൾക്ക് ഫീസ് ഏർപ്പെടുത്താനും നീക്കമുണ്ട്. കഴിഞ്ഞ വർഷം സമ്മറിൽ നടപ്പാക്കേണ്ടിയിരുന്നതാണ് ഗ്രീൻ ബിൻ ഫീസ് എങ്കിലും ഈ വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം വീടുകളിൽ നിന്നു പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയിൽ തരംതിരിക്കുകയാണെങ്കിൽ ബിൻ ഫീസിൽ ഇളവു ലഭിക്കുമെന്നും പറയപ്പെടുന്നു. ഒരു വർഷം ഒരു കുടുംബം ശരാശരി ആയിരം കിലോ മാലിന്യമാണ് പുറന്തള്ളുന്നത്. ഈ മാലിന്യം ശരിയായ രീതിയിൽ തരംതിരിച്ച് വയ്ക്കുകയാണെങ്കിൽ 87 ശതമാനം വീടുകൾക്കും ബില്ലിൽ ഇളവു ലഭിക്കുമെന്നാണ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്. 8.5 ശതമാനം ആൾക്കാർക്ക് നിലവിലുള്ള ബിൽ തന്നെ നൽകേണ്ടി വരുമെന്നും എന്നാൽ 4.5 ശതമനം ആൾക്കാർക്ക് മാത്രമാണ് വർധിച്ച ചാർജ് നൽകേണ്ടി വരുന്നതെന്നും പരിസ്ഥിതി ഡിപ്പാർട്ട്‌മെന്റ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മാലിന്യം ശേഖരിക്കുന്ന  75 ശതമാനത്തോളം കമ്പനികളെ പ്രതിനിധീകരിക്കുന്ന ഐറീഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഗാർഹിക ഉപയോക്താക്കളെ ശരിയായ രീതിയിൽ മാലിന്യം വേർതിരിച്ച്, അതാത് ബിന്നുകളിൽ നിക്ഷേപിക്കാനും അതുവഴി റീസൈക്കിളിങ് ശരിയായ രീതിയിൽ നടത്താനുമാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഡിപ്പാർട്ട്‌മെന്റ് വക്താക്കൾ പറയുന്നു.