ടൊറന്റോ: വാഗ്ദാനം ചെയ്തിരുന്നതു പോലെ പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നു. കൂടുതൽ കുടുംബങ്ങൾക്ക് നികുതിയിളവും സാമ്പത്തിക വളർച്ചയും പ്രദാനം ചെയ്യുന്നതാണ് പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി. ലിബറൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്ന ചൈൽഡ് ബെനിഫിറ്റ് പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് ഫിനാൻസ് മിനിസ്റ്റർ ബിൽ മോർനോയും വ്യക്തമാക്കി.

നിലവിലുള്ള കാനഡ ചൈൽഡ് ടാക്‌സ് ബെനിഫിറ്റ്, യൂണിവേഴ്‌സൽ ചൈൽഡ് കെയർ ബെനിഫിറ്റ് എന്നീ പദ്ധതികൾക്ക് പകരമായിരിക്കും പുതിയ ചൈൽഡ് ബെനിഫിറ്റ് പദ്ധതി. പുതിയ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് ലഭിക്കുന്ന ബെനിഫിറ്റിൽ ഏറെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഇത്തരത്തിൽ ചൈൽഡ് ബെനഫിറ്റ് ഘടന അഴിച്ച് പണിയുന്നതിലൂടെ അവശ്യമായ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലിബറലുകൾ പറയുന്നത്. അഞ്ച് ഫെഡറൽ ധനകാര്യകമ്മികൾക്ക് ഇത് അന്ത്യം കുറിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. അതേസമയം രണ്ടു വർഷത്തിനുള്ളിൽ പത്തു ബില്യൺ ഡോളറിന്റെ അധികചെലവാണ് പുതിയ പദ്ധതി മൂലം സർക്കാരിനുണ്ടാകുക.