മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ക്‌നാനായ യാക്കോബൈറ്റ് വിഭാഗം പള്ളി വാങ്ങി. സ്വന്തം ദേവാലയം എന്നുള്ള സെന്റ് ജോർജ് ക്‌നാനായ ചർച്ച് മാഞ്ചസ്റ്റർ ഇടവകക്കാരുടെ എക്കാലത്തെയും സ്വപ്നമാണ് പള്ളി വാങ്ങിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. മാഞ്ചസ്റ്ററിന് സമീപം സാൽഫോർഡ് സിറ്റി കൗൺസിൽ സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഹോൾട്ടണിൽ 37 സെന്റ് സ്ഥലത്തോടുകൂടിയ യുണൈറ്റഡ് റിഫോർമ് ചർച്ചാണ് സെന്റ് ജോർജ് ക്‌നാനായ ചർച്ച് സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം പുതിയ ദേവാലത്തിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ യുണൈറ്റഡ് റിഫോർമ് ചർച്ച് ഭാരവാഹികൾ റവ. ഫിലിപ്പ് ബ്രൂക്ക്‌സ്, ചർച്ച് ട്രഷറർ ആൻഡ് മാനേജർ കീത്ത്മാൻ, ചർച്ച് സെക്രട്ടറി മിസ്റ്റർ ജോയൻ ആദംസ് എന്നിവരുടെ സാന്നിധ്യത്തിൽ ക്‌നാനായ ചർച്ച ഇടവക വികാരി റവ. ഫാ. സജി എബ്രഹാം കൊച്ചേത്തിന് പുതിയ ദേവാലയത്തിന്റെ താക്കോൽ കൈമാറി. ക്‌നാനായ അതിഭദ്രാസനത്തിന്റെ യൂറോപ്യൻ മേഖലയിൽ സ്വന്തമായി ദേവാലയം എന്നുള്ള ആശയം നടപ്പിലാക്കിയ ആദ്യ ഇടവക എന്നുള്ള അഭിമാനമുഹൂർത്തത്തിനാണ്  സെന്റ് ജോർജ് ക്‌നാനായ ചർച്ച് അംഗങ്ങൾ സാക്ഷിയായി മാറിയത്.

താക്കോൽ കൈമാറ്റ ചടങ്ങിന് ശേഷം റവ. ഫാ. സജി എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ചരിത്ര നിമിഷം സാദ്ധ്യമാക്കിയ മുഴുവൻ ഇടവകാംഗങ്ങളേയും അനുമോദിക്കുകയും ചെയ്തു. 2005ൽ ഇടവക രൂപീകൃതമായത് മുതൽ പ്രത്യേകമായ ഒരു ബിൽഡിങ് കമ്മിറ്റിക്ക് രൂപം കൊടുക്കുകയും സ്വന്തമായൊരു കെട്ടിടം സാദ്ധ്യമാക്കുന്നതിന് വേണ്ടിയുള്ള നിരന്തര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഈ ആവശ്യം മുൻനിർത്തി ഇടവകവികാരിയുടെ നേതൃത്വത്തിൽ പ്രത്യേകമായ ഉപവാസ പ്രാർത്ഥനകളും മറ്റും നടത്തി.

യൂറോപ്പിലെ മറ്റ് ക്‌നാനായ ഇടവകകളും സ്വന്തമായി ഒരു ദേവാലയം എന്നുള്ള ആശയം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. മാഞ്ചസ്റ്ററിലെ ഈ ചരിത്രനേട്ടം മറ്റുള്ള ഇടവകകളുടെ സ്വന്തം എന്നുള്ള ദേവാലയത്തിന് വേണ്ടിയുള്ള ശ്രമത്തിന് ഊർജം പകരുമെന്ന് ഇടവകക്കാർ പറയുന്നു. ഏകദേശം നാൽപത്തിയഞ്ചോളം കുടുംബങ്ങൾ മാത്രമുള്ള ഒരു സമൂഹത്തിന് ചെറിയ കാലയളവിനുള്ളിൽ മുഴുവൻ തുകയും സമാഹരിച്ച് ഒരു ദേവാലയം സ്വന്തമാക്കി എന്നുള്ളത് ക്‌നാനായക്കാരുടെ ഒത്തൊരുമയുടെയും പരസ്പരസ്‌നേഹത്തിന്റെയും ഉത്തമദൃഷ്ടാന്തം കൂടിയാണ്. പുതിയ ദേവായലത്തിന്റെ അറ്റകുറ്റപ്പണികളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയതിന് ശേഷം വിപുലമായ ദേവാലയ കൂദാശ കർമ്മങ്ങൾ നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.