സൗദി അറേബ്യ: കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുകൾ. ഖഷോഗിയെ വധിക്കാനായി സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടുവെന്നാണ് സിഐഎയുടെ കണ്ടെത്തൽ. സൗദിയുമായി ബന്ധും ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന ട്രംപ് നീക്കത്തിന് റിപ്പോർട്ട് ശക്തമായ തിരിച്ചടിയാവുകയാണ്. കൃത്യമായ നിഗമനങ്ങളിലൂടെയാണ് ഖഷോഗി വധവും രാജകുമാരനും തമ്മിൽ ബന്ധമുണ്ടെന്ന് സിഐഎ കണ്ടെത്തിയതെന്നും വിദേശ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

യുഎസിലെ സൗദി അംബാസഡറായ, സൽമാൻ രാജകുമാരന്റെ സഹോദരൻ ഖാലിദ് ബിൻ സൽമാൻ ഖഷോഗിയുമായി നടത്തിയിരുന്ന ഫോൺ സംഭാഷണം അടക്കമുള്ള കാര്യങ്ങൾ സിഐഎ അന്വേഷിച്ചിരുന്നു. ഖഷോഗി കൊല്ലപ്പെടും എന്നത് ഖാലിദിന് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ സൽമാന്റെ നിർദ്ദേശപ്രകാരമാണ് ഖാലിദ് ഖഷോഗിയെ വിളിച്ചത്. സൽമാന്റെ നിർദ്ദേശമില്ലാതെ ഇത്തരമൊരു വധം നടക്കില്ല എന്ന് യൂറോപ്യൻ രാജ്യങ്ങളും കരുതുന്നു. ജർമ്മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് ഖഷോഗി വധവുമായി ബന്ധപ്പെട്ട ഓഡിയോ കൈമാറിയിട്ടുണ്ട് എന്നാണ് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ പറഞ്ഞത്.

ഖഷോഗിയെ വധിച്ച സൗദി ഹിറ്റിങ് സ്‌ക്വാഡിലെ അംഗം എന്ന് കരുതുന്ന മാഹർ മുത്രെബ് വധത്തിന് ശേഷം കോൺസുലേറ്റിൽ നിന്ന് ഫോൺകോൾ നടത്തിയതായി പറയുന്നു. സൽമാന്റെ വിശ്വസ്തനാണ് മുത്രെബ്. വിളിച്ചത് സൽമാന്റെ മറ്റൊരു വിശ്വസ്തനായ സൗദ് അൽ ഖത്താനിയെ. ഓപ്പറേഷൻ പൂർത്തിയായതായി അറിയിച്ചു. കൊലപാതകം നടന്ന ദിവസം മുത്രെബ് കോൺസുലേറ്റിനുള്ളിലേയ്ക്ക് പോയതായും പുറത്തുകടന്നതായും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

രേഖകൾക്കായി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ പോകാൻ ഖാലിദ് ഖഷോഗിയോട് നിർദ്ദേശിക്കുന്നുണ്ട്. കോൺസുലേറ്റിൽ പോകുന്നത് പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് ഖാലിദ് ഉറപ്പ് നൽകിയിരുന്നു. അതേസമയം തുർക്കിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് യാതൊരു കാര്യവും ഖാലിദ് ഖഷോഗിയുമായി സംസാരിച്ചിട്ടില്ല എന്നാണ് യുഎസിലെ സൗദി എംബസി വക്താവ് ഫാത്തിമ ബേഷൻ പറഞ്ഞത്. സിഐഎയുടെ നിഗമനം തെറ്റാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളാണ് ഇവയെന്നും സൗദി വക്താവ് പ്രതികരിച്ചു.

ഖഷോഗി വധത്തിന് പിന്നിൽ സൽമാനാണ് എന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിസന്ധിയിലാക്കുകയാണ്. സൽമാനുമായി ട്രംപും ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജെറാർഡ് കുഷ്നറും അടുത്ത ബന്ധമാണ് പുലർത്തുന്നത്. സൽമാനെതിരായ ആരോപണങ്ങളിൽ ട്രംപ് മൃദു സമീപനം പുലർത്തുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ സൽമാൻ തന്നെയാകാം കൊലയ്ക്ക് പിന്നിൽ എന്നും പിന്നീട് ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരായ നീക്കങ്ങൾക്ക് സൽമാൻ സൗദിയിൽ അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണ് എന്നാണ് ട്രംപിന്റെ നിലപാട്.