കുവൈറ്റ് സിറ്റി: പുതിയ സിവിൽ ഐഡി കിട്ടുന്നതിനുള്ള ഫീസ് രണ്ടു ദിനാറിൽ നിന്ന് അഞ്ചു ദിനാറായി വർധിപ്പിച്ചുകൊണ്ട് പബ്ലിക് അഥോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഉത്തരവായി. അതേസമയം നഷ്ടപ്പെട്ട ഐഡിക്കു പകരം പുതിയവ എടുക്കുന്നതിനുള്ള ഫീസ് പത്തു ദിനാറിൽ നിന്ന് 20 ദിനാറായും വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

സിവിൽ ഐഡി നിർമ്മാണത്തിലുണ്ടായിരിക്കുന്ന ചെലവ് വർധിച്ചതാണ് ഫീസുകൾ വർധിപ്പിക്കാൻ കാരണമായതെന്ന് പിഎസിഐ ഡയറക്ടർ അൽ അസൂസി വ്യക്തമാക്കി. ഓരോ സിവിൽ ഐഡി കാർഡ് നിർമ്മിക്കുന്നതിനും നാലര ദിനാറാണ് ചെലവു വരുന്നത്. നിർമ്മാണ ചെലവിന്റെ പകുതി നിരക്കിലാണ് ഇപ്പോൾ സിവിൽ ഐഡികൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.

നിലവിൽ 136,000 ഐഡികൾ വിതരണത്തിന് തയാറായിട്ടുണ്ട്. പുതിയ ഐഡികൾ വാങ്ങാനുള്ളവർ എത്രയും പെട്ടെന്നു തന്നെ ഇതു വാങ്ങണമൈന്ന് പിഎസിഐ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ഏപ്രിൽ ഒന്നു മുതൽ ഇക്കൂട്ടർക്ക് പുതിയ നിരക്ക് നൽകേണ്ടി വരും. ഓരോ ദിവസവും പിഎസിഐ 9000 ഐഡി കാർഡുകളാണ് അനുവദിക്കുന്നത്. കൂടാതെ 8,000- 10,000 ഇടയിൽ കാർഡുകൾ പ്രതിദിനം വിതരണം ചെയ്യുന്നുമുണ്ട്.