മാണി വാങ്ങിയത് 27 കോടി 43 ലക്ഷം; നിയമസഭയിൽ മാണിക്കെതിരെ പുതിയ ആരോപണം; ടോംജോസഫ് ഐഎഎസും അഴിമതിക്കാരനെന്ന് ശിവൻകുട്ടി എംഎൽഎ; നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടി എഴുതി നൽകിയ ആരോപണത്തിൽ നിയമസഭാ സമിതി അന്വേഷണം നടത്തും. 27 കോടി 43 ലക്ഷം രൂപയുടെ അഴിമതി മാണി നടത്തിയെന്നാണ് ആക്ഷേപം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടി എഴുതി നൽകിയ ആരോപണത്തിൽ നിയമസഭാ സമിതി അന്വേഷണം നടത്തും. 27 കോടി 43 ലക്ഷം രൂപയുടെ അഴിമതി മാണി നടത്തിയെന്നാണ് ആക്ഷേപം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തും വലിയ നിക്ഷേപങ്ങൾ ടോം ജോസഫിനുണ്ടെന്നാണ് ശിവൻകുട്ടിയുടെ ആരോപണം.
മാണിക്കെതിരെ ആറ് ആരോപണങ്ങളാണ് ശിവൻകുട്ടി ഉയർത്തിയത്. ബജറ്റിൽ നികുതി കൂട്ടിയശേഷം അതിൽ മാറ്റമുണ്ടാക്കി വ്യവസായികൾക്ക് നേട്ടമുണ്ടാക്കാൻ അവസരമൊരുക്കിയെന്നും ആക്ഷേപമുയർത്തി. ബിൽഡേഴ്സിൽ നിന്ന് അഞ്ചു കോടി രൂപയും ക്വാറി, ക്രഷർ ഉടമകളിൽ നിന്ന് രണ്ടു കോടിയും വാങ്ങി. റവന്യൂ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാമെന്ന ഉറപ്പിന്മേൽ 6.40 കോടി രൂപയാണ് വാങ്ങിയത്. പെട്രോൾ പമ്പുടമകളിൽ നിന്ന് മൂന്ന് ലക്ഷം, മൈദ മാവിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുന്നതിന് രണ്ടു കോടി രൂപ. ഉത്തരേന്ത്യൻ ലോബിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു.
ടോം ജോസ് ഐ,എ.എസിനെതിരെയും ആരോപണമുണ്ട്, സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടി. ഇതേക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ രഹസ്യ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അത് സർക്കാർ പൂഴ്ത്തിയെന്നും ശിവൻകുട്ടി ആരോപിച്ചു. ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതി അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഇതിനൊപ്പം തോമസ് ഐസക് എംഎൽഎയും ആരോപണവുമായി രംഗത്ത് വന്നു. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ് അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിക്കും ഇതിൽ പങ്കുണ്ടെന്നാണ് തോമസ് ഐസക്കിന്റെ ആരോപണം.
പത്ത് കോടിയിലധികം വരുന്ന പദ്ധതികൾക്ക് ധനമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും അനുമതി വേണം. അതുകൊണ്ട് തന്നെ സൂരജ് അഴിമതിക്കാരനാണെങ്കിൽ ധന, പൊതുമരാമത്ത് മന്ത്രിമാർക്കും ഉത്തരവാദിത്തമുണ്ട്. റിവൈസ്ഡ് എസ്റ്റിമേറ്റ് എന്ന രീതിയിലാണ് അഴിമതികൾ നടക്കുന്നത്. എജിയുടെ റിപ്പോർട്ടിൽ പോലും ഇത് വ്യക്തമായി കാണിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് വിശദീകരിച്ചു. ഈ സാഹചര്യത്തിൽ മന്ത്രിമാർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഈ ആരോപണങ്ങളോട് വ്യക്തമായി ഭരണപക്ഷം പ്രതികിരച്ചിട്ടില്ല. കഴമ്പില്ലാത്ത ആരോപണങ്ങളാണ് ശിവൻകുട്ടി ഉന്നയിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. കുറേ കോടികളുടെ കണക്ക് പറയുകമാത്രമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ആർക്കും ആർക്കെതിരേയും ആക്ഷേപം ഉന്നയിക്കാമെന്നാണ് വിശദീകരണം. നിയമസഭാ സമിതിയുടെ അന്വേഷണമെന്ന ആവശ്യത്തിലും ഭരണപക്ഷം നിലപാട് വിശദീകരിച്ചിട്ടില്ല.