തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങാൻ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. ഒരു ഡോസ് വാക്‌സിനോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ മദ്യം വാങ്ങാൻ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശം.

72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണു വേണ്ടത്. ഒരു ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കും ഒരു മാസത്തിനു മുൻപ് കോവിഡ് പോസിറ്റീവ് ആയതായി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇളവുണ്ട്. ബെവ്‌കോ ഔട്ലറ്റുകൾക്കു മുൻപിൽ ബുധനാഴ്ച മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു നിർദ്ദേശം നൽകി.

ബിവറേജസ് കോർപ്പറേഷൻ മദ്യശാലകളിൽ അടക്കം ഇത് നടപ്പിലാക്കും. ഔട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ നിർദ്ദേശം കോർപ്പറേഷൻ നൽകി.

കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് ബുധനാഴ്ച നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്‌കോയുടെ നടപടി.

രൂക്ഷമായ ഭാഷയിലാണ് കോടതി സർക്കാറിനെ മദ്യശാല വിഷയത്തിൽ വിമർശിച്ചത്. കോവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ചോദിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. കടകളിൽ പോകുന്നവർ വാക്‌സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.