ആലപ്പുഴ: മുതിർന്ന പാർട്ടി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന് എല്ലാ പരിഗണനയും നൽകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി എസിനെതിരായ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയത്തിൽ അദ്ദേഹത്തെ പാർട്ടി വിരുദ്ധൻ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. വി എസിന് പാർട്ടി വിരുദ്ധ മനോഭാവം എന്നാണ് പ്രമേയത്തിൽ പറഞ്ഞിട്ടുള്ളത്. വി എസിനെതിരായി പാസാക്കിയ പ്രമേയത്തിൽ തിരുത്തൽ വരുത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

എന്തെങ്കിലും വി എസിന് പറയാനുണ്ടായിരുന്നെങ്കിൽ അത് ഇന്നലത്തെ സെക്രട്ടേറിയറ്റിൽ പറയാമായിരുന്നു. ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചിട്ടും വി എസ് സമ്മേളനത്തിലേക്ക് വന്നില്ല. സമ്മേളനത്തിന് എത്തണമെങ്കിൽ തന്റെ നിബന്ധനകൾ അംഗീകരിക്കണമെന്ന നിലപാടു തെറ്റാണ്. ആവശ്യങ്ങൾ അംഗീകരിച്ചാൽ വരാമെന്ന നിലപാട് കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. എങ്കിലും വി എസിന് എല്ലാ പരിഗണനയും നൽകും.

അദ്ദേഹത്തിന് ഇപ്പോഴും സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാം. അതിന് സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരിക്കണമെന്ന് നിർബന്ധമല്ല. കേന്ദ്ര കമ്മിറ്റി അംഗമാണ് വി എസ്. അദ്ദേഹത്തിന് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി. ബാർ കോഴ കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരണത്തിൽ നിന്നു മുഖ്യമന്ത്രി മാറ്റിനിർത്തണം. ഇല്ലെങ്കിൽ ശക്തമായ ബഹുജനസമരം സർക്കാർ നേരിടേണ്ടിവരും. അഴിമതിക്ക് എതിരായ പോരാട്ടം വൈകാതെ തുടങ്ങും. സഭയ്ക്ക് അകത്തും പുറത്തും ഇത്തരം പോരാട്ടങ്ങൾക്കു വേണ്ടി പ്രവർത്തിക്കും.

പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണ്. താൻ പാർട്ടിക്കു വിധേയനായിരിക്കും. പി കൃഷ്ണപിള്ള സെക്രട്ടറിയായി രൂപീകരിച്ച പാർട്ടി ഘടകമാണ് കേരളത്തിലേത്. അദ്ദേഹം തൊട്ടു പിണറായി വിജയൻ വരെ മഹാരഥന്മാരായ നേതാക്കന്മാരാണ് കേരളത്തിലെ പാർട്ടിയെ നയിച്ചിട്ടുള്ളത്. പാർട്ടിയും ജനങ്ങളും വലിയ വിശ്വാസമാണ് തന്നെ ഏൽപ്പിച്ചത്. ഇതിനനുസരിച്ച് ഉണർന്നു പ്രവർത്തിക്കും. കഴിഞ്ഞ 16 വർഷം കേരളത്തിലെ പാർട്ടിയെ കാലിടറാതെ മുന്നോട്ടു നയിച്ച നേതാവാണ് പിണറായി വിജയനെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിലെല്ലാം മാദ്ധ്യമങ്ങൾ വിമർശിച്ചും സഹകരിച്ചും തനിക്കു പിന്തുണ തന്നു. അത് ഇനിയും തുടരണമെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്നും കോടിയേരി പറഞ്ഞു. സമ്മേളനത്തിനു മാദ്ധ്യമങ്ങൾ നൽകിയിട്ടുള്ള സഹകരണത്തിനും സഹായത്തിനും വിമർശനത്തിനും സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കോടിയേരി നന്ദി പറഞ്ഞു.