ഡബ്ലിൻ: ആരോഗ്യമേഖലയിൽ പുതിയ നിയമനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ എച്ച്എസ്ഇ. നിലവിലുള്ള രീതിയിൽ നിയമനങ്ങൾ തുടരാൻ അസാധ്യമാണെന്നും ഇതിന് തടയിൻ ഈ മാസം തന്നെ നടപടി സ്വീകരിക്കണമെന്നുമാണ് എച്ച്എസ്ഇ ചീഫ് ടോണി ഒബ്രിയാൻ സീനിയർ മാനേജ്‌മെന്റിന് നൽകിയിരിക്കുന്ന നിർദ്ദേശം. പുതുതായി ഒരാൾ ജോലിക്ക് കയറുമ്പോൾ മറ്റൊരാൾ സർവീസിൽ നിന്ന് പോയിരിക്കണമെന്നുമുള്ള നിർദേശമാണ് ഇപ്പോൾ പ്രാബല്യത്തിലാക്കേണ്ടിയിരിക്കുന്നതെന്നാണ് എച്ച്എസ്ഇയുടെ നിർദ്ദേശം.

അതേസമയം സ്റ്റാഫിങ് കുറവാണെന്ന പേരിൽ ഹോസ്പിറ്റലുകളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മുറവിളിയെ തുടർന്ന് കൂടുതൽ സ്റ്റാഫുകളെ ഹെൽത്ത് സർവീസിലും മറ്റ് പബ്ലിക് സർവീസിലും നിയമിക്കാമെന്നുള്ള സർക്കാർ ഉറപ്പ് കിട്ടിയതിനു പിന്നാലെയാണ് എച്ച്എസ്ഇ നിയമനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഗാർഡ, ടീച്ചേഴ്‌സ്, ഡോക്ടേഴ്‌സ്, നഴ്‌സസ്, മറ്റ് ഫ്രണ്ട്‌ലൈൻ സ്റ്റാഫുകൾ എന്നീ മേഖലകളിൽ 2021-ഓടെ പതിനായിരത്തോളം  പേരെ അധികമായി നിയമിക്കാമെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ മാസം വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ കഴിഞ്ഞ വർഷം അവസാനം തന്നെ ഹെൽത്ത് സർവീസിൽ 4550 പേരെ അധികമായി നിയമിച്ചുവെന്നും ഇതേ രീതിയിൽ ഇനിയും നിയമനങ്ങൾ തുടരാൻ സാധിക്കില്ലെന്നുമാണ് എച്ച്എസ്ഇയുടെ നിലപാട്. നൂറോളം കൺസൾട്ടന്റുമാർ, 400 നോൺ കൺസൾട്ടന്റ് ഹോസ്പിറ്റൽ ഡോക്ടർമാർ, 800ലധികം നഴ്‌സുമാർ, ആയിരത്തോളം സപ്പോർട്ടിങ് സ്റ്റാഫുകൾ, ഇരുനൂറോളം തെറാപ്പിസ്റ്റുകൾ എന്നിവരെയാണ് അധികമായി കഴിഞ്ഞ വർഷം അവസാനം നിയമിച്ചത്.