- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ സുധാകരൻ അച്ചടക്ക വാൾ എടുത്തതോടെ അമർഷം കടിച്ചമർത്തി ഗ്രൂപ്പുകൾ; അവസാന വട്ടം വരുത്തിയ തിരുത്തുകളുടെ പേരിൽ കലാപത്തിന് നിൽക്കാതെ പിന്മാറ്റം; ഗ്രൂപ്പു പട്ടികയിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിയവരിൽ പലർക്കും കെപിസിസി നേതൃത്വവുമായി ഉറ്റബന്ധം; പട്ടികയിൽ ഒറ്റക്കെട്ടായി ഭാരവാഹികൾ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു കൊണ്ട് എഐസിസി നിർദ്ദേശം പുറത്തുവന്നപ്പോഴും എ, ഐ ഗ്രൂപ്പുകളിൽ പ്രതിഷേധം ശക്തമാണ്. അതേസമയം സംസ്ഥാനത്തെ കോൺഗ്രസിലെ താക്കോൽസ്ഥാനങ്ങൾ മാറുന്നു എന്ന കൃത്യമായ സൂചന നൽകുന്ന ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ പരാതിക്കെട്ട് അഴിക്കുമ്പോഴും കെപിസിസി. വർക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്.
കെപിസിസി ഭാരവാഹികളിൽ മറിച്ചൊരു അഭിപ്രായം ഇല്ലാതെയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. മുതിർന്നനേതാക്കളുമായുള്ള ചർച്ചയിലൂടെ അവരുടെ നിർദേശങ്ങൾ കേട്ടശേഷം തുടർന്നുനടന്ന ആലോചനകളിൽ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ പങ്കാളികളായി. ഡൽഹി ചർച്ചകളിൽ കെ.സി. വേണുഗോപാലും ചേർന്നു. പുതിയ പട്ടിക അനുസരിച്ച് ഗ്രൂപ്പുകളുടെ പരിഗണനയിൽ വന്നവരും ഇപ്പോഴത്തെ കെപിസിസി നേതൃത്വവുമായി കൂറു പുലർത്തുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്.
ഡിസിസി അധ്യക്ഷ പട്ടികയിൽ കോൺഗ്രസിലെ എഐ ഗ്രൂപ്പുകൾ പൂർണ തൃപ്തരല്ലല്ലെങ്കിലും പരസ്യ പ്രതികരണങ്ങൾക്ക് നേതാക്കൾ തയ്യാറായേക്കില്ല. കെ സുധാകരൻ അച്ചടക്കത്തിന്റെ വാൾ പുറത്തെടുത്തതു കൊണ്ടു കൂടിയാണ് നേതാക്കൾ മൗനത്തിലേക്ക് നീങ്ങുന്നത്. പ്രതികരിച്ച രണ്ട് കെപിസിസി ജനറൽ സെക്രട്ടറിമാർക്കെതിരായ നടപടി ഇതിന്റെ സൂചനയാണ്. ശിവദാസൻ നായരെയും കെ പി അനിൽകുമാറിനെയും സസ്പെൻഡ് ചെയ്യുകയാണ് കെ സുധാകരൻ ചെയ്തത്.
അതേസമയം അവസാനവട്ട തിരുത്തലുകൾ കണക്കിലെടുത്ത് പരസ്യ പ്രതികരണങ്ങളിൽനിന്ന് ഗ്രൂപ്പുകൾ ഒഴിഞ്ഞുമാറിയേക്കും. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ പുതിയ നേതൃത്വം മതിയായ പരിഗണന നൽകിയില്ലെന്നു ഗ്രൂപ്പുകൾ വിചാരിക്കുന്നു. ഇവിടെ നടന്ന കൂടിയാലോചനകളിൽ അഭിപ്രായം തേടി എന്നതൊഴിച്ചാൽ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഇരു നേതാക്കളും ഇരുട്ടിലായതോടെ പ്രതിഷേധം കനത്തു. ഇങ്ങനെ പട്ടിക പ്രഖ്യാപിച്ചാൽ പരസ്യ പ്രതികരണങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പുമുണ്ടായി.
ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രസിഡന്റുമാർ മാറിയത് ഈ ചർച്ചകൾക്കു ശേഷമാണ്. മറ്റു ജില്ലകളിലും ഗ്രൂപ്പുകാരും അനുയായികളുമുണ്ട് എന്നതു ശരിതന്നെ. പക്ഷേ, ചോദിച്ചാൽ ഗ്രൂപ്പുകൾ പറയുന്ന ആദ്യ പേരുകൾ ഒരു പക്ഷേ ഇവർ ആകുമായിരുന്നില്ല.
രമേശ് ചെന്നിത്തലയുടെ 'ഐ' വിഭാഗത്തിലെ പലരും പട്ടികയിൽ വന്നത് ആ വിഭാഗമെന്നു പറയാവുന്ന കെ.സി. വേണുഗോപാലിന്റെയോ കെ. സുധാകരന്റെയോ വി.ഡി. സതീശന്റെയോ അക്കൗണ്ടിലാണ്. ഉമ്മൻ ചാണ്ടി നിർദേശിച്ചവർ പട്ടികയിൽ ഉണ്ടെങ്കിലും എല്ലാവരും ചെന്നിത്തല ആഗ്രഹിച്ചവരല്ല. ഗ്രൂപ്പു പട്ടികയിൽ ഉള്ളവർ തന്നെയാണ് ഏറിയ പങ്കുമെന്നു കെ.സുധാകരൻ- വി.ഡി. സതീശൻ അച്ചുതണ്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാട്ടിത്തെറിയുടെ വക്കിലെത്തിയ ഡി.സി.സി. പുനഃസംഘടന അവസാനനിമിഷം അനുരഞ്ജനത്തിലെത്തിയത് രാഹുൽഗാന്ധിയുടെ ഇടപെടലിലൂടെയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉമ്മൻ ചാണ്ടി, രമേശ് െചന്നിത്തല എന്നിവരുമായി രാഹുൽഗാന്ധി പലകുറി സംസാരിച്ചു. കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം നാട്ടകം സുരേഷിന്റെയും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ബാബു പ്രസാദിന്റെയും പേരുകൾ ഉൾപ്പെടുത്തി. ഇതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിർവികാരത്തിന് ഒരുപരിധിവരെ ശമനമായത്.
ഡി.സി.സി. പ്രസിഡന്റുമാരായി നിയമിതരായവരെല്ലാം വിശാലാർഥത്തിൽ എ, ഐ ഗ്രൂപ്പിൽപ്പെട്ടവരാണ്. ഗോത്രവഴിയിൽ നോക്കിയാൽ ഐ വിഭാഗത്തിന് എട്ടും എ-ക്ക് ആറും ജില്ലകളുമെന്നുകാണാം. എന്നാൽ, കെപിസിസി., പ്രതിപക്ഷ നിയമസഭാകക്ഷിസ്ഥാനങ്ങളിൽ പുതിയ നേതൃത്വം വന്നതോടെ ഗോത്രങ്ങൾ പലകുലങ്ങളായി പിരിഞ്ഞിരുന്നു. എ, ഐ ഗ്രൂപ്പുകളിൽ ഉൾപ്പിരിവുകൾ ഏറെ വന്നുകഴിഞ്ഞു. ഐ വിഭാഗത്തിൽത്തന്നെ ചെന്നിത്തലയോടൊപ്പം നിൽക്കുന്നവർ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിങ്ങനെ ഓരോ പ്രബലനേതാക്കൾക്കൊപ്പം നിൽക്കുന്നവരുടെ വ്യത്യസ്ത കൂട്ടായ്മയുണ്ട്.
എ ഗ്രൂപ്പിലും ഉൾപ്പിരിവുകൾ ഏറെവന്നുകഴിഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് തുടങ്ങിയ പഴയ മുൻനിര എ ഗ്രൂപ്പുകാർ ഇപ്പോൾ ഉൾവൃത്തത്തിലില്ല. ഇപ്പോൾ നിയമിതരായവരോടൊന്നും ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ എതിർപ്പില്ലെന്ന് അവരോടൊപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഗ്രൂപ്പുകളിൽനിന്ന് ഈ മുതിർന്ന നേതാക്കൾ തിരഞ്ഞെടുത്തവരല്ല, കൂടുതൽ ജില്ലകളിലും ഡി.സി.സി. അധ്യക്ഷന്മാരായത്.
രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തുപോലും ഇരുവരുടെയും താത്പര്യം പരിഗണിച്ചല്ല കരടുപട്ടിക വന്നത്. ഇതാണ് ഗ്രൂപ്പുകളെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ ഇടപെടൽ. ശാക്തികചേരികളിൽ വന്ന മാറ്റത്തിനനുസരിച്ച് ഇരു ഗ്രൂപ്പുകളിൽനിന്ന് പുതിയ അധികാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കപ്പെട്ടവർക്കാണ് സ്ഥാനങ്ങൾ ലഭിച്ചതെന്ന് പരമ്പരാഗത ഗ്രൂപ്പുകൾ കുറ്റപ്പെടുത്തുന്നു. ഡി.സി.സി. പ്രസിഡന്റുമാരിൽ വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവരുടെ എണ്ണം അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.
അധ്യക്ഷന്മാരായവരിൽ പലരും ഇപ്പോഴത്തെ കെപിസിസി നേതൃത്വത്തോട് കൂറു പുലർത്തുന്നവരാണ്. പാലോട് രവി (തിരുവനന്തപുരം), പി.രാജേന്ദ്രപ്രസാദ് (കൊല്ലം) സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), വി എസ്. ജോയി (മലപ്പുറം) എൻ.ഡി. അപ്പച്ചൻ (വയനാട്) എന്നിവരാണ് പട്ടികയിലെ എ വിഭാഗക്കാർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സതീശനുമായും നല്ല ബന്ധത്തിലാണ് പാലോട് രവി. രാജേന്ദ്രപ്രസാദ് കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയാണ്. പി.ജെ.കുര്യനു സ്വീകാര്യനായതു സതീഷ് കൊച്ചുപറമ്പിലിനു സഹായകരമായി.
കോട്ടയത്ത് ഉമ്മൻ ചാണ്ടി നിർദേശിച്ചവരിൽ ഫിൽസൺ മാത്യൂസ് ഉള്ളതു കണക്കിലെടുത്താണ് അദ്ദേഹത്തെ ആദ്യം തീരുമാനിച്ചതെങ്കിലും താരിഖ് അൻവറുമായുള്ള ചർച്ചയിൽ നാട്ടകം സുരേഷിന് ഉമ്മൻ ചാണ്ടി മുൻഗണന നൽകി. ആര്യാടൻ വിരുദ്ധരും അന്തരിച്ച വി.വി. പ്രകാശിന്റെ അനുയായികളും ഒരുമിച്ചതോടെയാണു മലപ്പുറത്ത് സജീവ പരിഗണനയിൽ ഉണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനു പകരം യുവ നേതാവ് വി എസ്. ജോയിക്കു നറുക്കു വീണത്. ക്രൈസ്തവസഭാ വിഭാഗങ്ങളുടെ ആവശ്യവും രാഹുൽ ഗാന്ധിയുടെ താൽപര്യവും വയനാട്ടിൽ എൻ.ഡി. അപ്പച്ചന്റെ രണ്ടാം വരവിനു വഴിയൊരുക്കി.
ബാബു പ്രസാദ് (ആലപ്പുഴ), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂർ (തൃശൂർ), കെ.പ്രവീൺകുമാർ (കോഴിക്കോട്), മാർട്ടിൻ ജോർജ് (കണ്ണൂർ), പി.കെ. ഫൈസൽ (കാസർകോട്) എന്നിവർ ഐ വിഭാഗക്കാരാണ്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മുൻകയ്യെടുത്ത് കെ.പി. ശ്രീകുമാറിനെ നിശ്ചയിച്ചങ്കിലും ബാബുവിനു വേണ്ടി ചെന്നിത്തല പിടിമുറുക്കി. ഇടുക്കിയിൽ ആദ്യം നിശ്ചയിച്ച എസ്. അശോകൻ ഐ ആയിരുന്നു. കോട്ടയത്ത് സുരേഷ് വന്നപ്പോൾ സാമുദായിക സന്തുലനത്തിനായി ഇടുക്കിയിൽ മാറ്റി തീരുമാനിച്ച സി.പി. മാത്യു പി.ടി.തോമസിന്റെ അനുയായിയാണ്. ജോസ് വള്ളൂർ ചെന്നിത്തലയുടെ പട്ടികയിൽ ഉണ്ടായെങ്കിലും അദ്ദേഹം കെ.സുധാകരനുമായി നല്ല ബന്ധത്തിലാണ്.
അതിനിടെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു നിമിഷങ്ങൾക്കകം രണ്ടു കെപിസിസി ജനറൽ സെക്രട്ടറിമാർക്കെതിരെ അച്ചടക്ക നടപടിയെടുത്തത് എഐസിസി നേതൃത്വത്തിന്റെ കൂടി അറിവോടെ തന്നെയാണ്. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാറിനെയും, കെ.ശിവദാസൻ നായരെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സസ്പെൻഡ് ചെയ്തത് പട്ടിക പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ചാനൽ ചർച്ചയിൽ പട്ടിക സംബന്ധിച്ചു വിമർശനമുന്നയിച്ചതിനെത്തുടർന്ന്.
പട്ടികയുമായി ബന്ധപ്പെട്ടു പരസ്യ പ്രതിഷേധങ്ങളും വിമർശനങ്ങളുമുയരാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ്, താക്കീത് എന്ന നിലയിൽ നേതൃത്വം അസാധാരണ നടപടിയിലേക്കു കടന്നത്. ഇപ്പോഴത്തെ പട്ടിക കോൺഗ്രസിന്റെ വാട്ടർലൂവാകുമെന്നും ഒരു മാനദണ്ഡവും പാലിക്കാതെയാണു പട്ടിക തയാറാക്കിയതെന്നും ചാനൽ ചർച്ചയിൽ കെ.പി.അനിൽകുമാർ വിമർശിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനത്തെ ഇതേ ചർച്ചയിൽ കെ.ശിവദാസൻ നായർ പിന്താങ്ങുകയും ചെയ്തു. പട്ടിക പുറത്തിറങ്ങി തൊട്ടുപിന്നാലെ ഇവർക്കെതിരെ നേതൃത്വം നടപടി പ്രഖ്യാപിക്കുകയായിരുന്നു.
അച്ചടക്ക നടപടി അംഗീകരിക്കുന്നില്ലെന്ന സൂചന നൽകി, തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കെ.പി.അനിൽകുമാർ രംഗത്തുവന്നു. സസ്പെൻഡ് ചെയ്തു പേടിപ്പിക്കേണ്ടെന്നും കോൺഗ്രസിലെ 'പൂരം' ഉടൻ തുടങ്ങുമെന്നും അനിൽകുമാർ പ്രതികരിച്ചു. നേതാക്കന്മാരുടെ പെട്ടിതൂക്കികളെയാണു പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരാക്കിയത്. ഇവരിൽ പലരും നല്ല കച്ചവടക്കാരാണ്. ഇനി ഡിസിസി ഓഫിസിൽ കയറാന് ആളുകൾ ഭയപ്പെടുമെന്നും അനിൽകുമാർ പറഞ്ഞു.
ഗ്രൂപ്പുകൾക്ക് അതീതമായ പട്ടികയല്ല ഇപ്പോഴത്തേതെന്നുള്ള അനിൽകുമാറിന്റെ അഭിപ്രായത്തോടു താൻ യോജിക്കുകയാണു ചെയ്തതെന്നും, നേതൃത്വത്തിനെതിരെയോ, പാർട്ടിക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവദാസൻ നായർ പ്രതികരിച്ചു. തിരഞ്ഞെടുപ്പു സമയത്ത് നേതാക്കളെയും പാർട്ടിയെയും വിമർശിച്ചവർ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരിക്കുന്ന പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നു താൻ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിച്ചാൽ പാർട്ടിയാണ് ഇല്ലാതാവുകയെന്നും ശിവദാസൻ നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ