- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നിർദ്ദേശങ്ങൾ സദുദ്ദേശമെന്ന് മനസിലാക്കുന്നു; നോഡൽ ഓഫിസറെയും റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും നിയമിച്ചു; കൂടുതൽ നിയമനങ്ങൾ ഒരാഴ്ചയ്ക്കകം; പുതിയ ഡിജിറ്റൽ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് കേന്ദ്രത്തോട് ട്വിറ്റർ
ന്യൂഡൽഹി: പുതിയ ഡിജിറ്റൽ ചട്ടത്തിലെ മാർഗനിർദ്ദേശ പ്രകാരം ഇന്ത്യയിൽനിന്നുള്ള ചില ഓഫിസർമാരെ നിയമിച്ചതായും ഒരാഴ്ച്ചയ്ക്കകം കൂടുതൽ നിയമനങ്ങൾ ഉണ്ടാകുമെന്നും കേന്ദ്രസർക്കാരിനെ അറിയിച്ച് ട്വിറ്റർ. രാജ്യത്തെ പുതിയ ഡിജിറ്റൽ ചട്ടങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള എല്ലാവിധ ശ്രമങ്ങളും തുടങ്ങിയെന്നും ട്വിറ്റർ കത്തിലൂടെ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
'സർക്കാർ നിർദ്ദേശങ്ങൾ സദുദ്ദേശപരമാണെന്നു മനസ്സിലാക്കുന്നു. നോഡൽ ഓഫിസർ, റസിഡന്റ് ഗ്രീവൻസ് ഓഫിസർ എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. കോവിഡ് കാലം അയതിനാൽ നിർദിഷ്ട സമയ പരിധിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രതിസന്ധി നേരിട്ടു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ ധരിപ്പിക്കാം' കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ ട്വിറ്റർ പറയുന്നു. അടിയന്തര ഘട്ടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കി നൽകുന്നതിൽ ട്വിറ്റർ പ്രതിജ്ഞാബദ്ധമാണെന്നും കത്തിലുണ്ട്.
പുതിയ ചട്ടങ്ങൾ അനുസരിക്കുന്നതിനുള്ള അന്ത്യശാസനം കഴിഞ്ഞ ആഴ്ച ട്വിറ്ററിനു സർക്കാർ നൽകിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിലേറെ ആയെങ്കിലും, വ്യക്തവും സുതാര്യവുമായ മാതൃകയിലാണു പ്രവർത്തനം എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനത്തെ ട്വിറ്റർ എതിർക്കുന്നതു വിശ്വസിക്കാനാകുന്നില്ല എന്ന് ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം നിലവിൽവന്ന ചട്ടപ്രകാരം ഫേസ്ബുക്, ട്വിറ്റർ എന്നിവ അടക്കമുള്ള സമൂഹ മാധ്യമങ്ങൾ ഇന്ത്യക്കാരായ ഗ്രീവൻസ് ഓഫിസർ, നോഡൽ ഓഫിസർ, ചീഫ് കംപ്ലയൻസ് ഓഫിസർ എന്നിവരെ നിയമിക്കണം. കുറ്റകരവും നിന്ദ്യവുമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും രാജ്യത്തിന്റെ പരമാധികാരത്തിനോ സുരക്ഷയ്ക്കോ കളങ്കം വരുത്തുന്നതുമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന ആളുകളെ കണ്ടെത്തണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
രാജ്യത്തെ ക്രമസമാധാനനിലയെ ബാധിക്കുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിൽ സാമൂഹികമാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാണ് പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. ഈ മാർഗനിർദ്ദേശങ്ങൾ നിർബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഐടി ചട്ടങ്ങൾ കഴിഞ്ഞമാസം സർക്കാർ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു. മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന് കഴിഞ്ഞയാഴ്ച നൽകിയ നോട്ടീസിൽ കൃത്യമായ തീയതി സർക്കാർ രേഖപ്പെടുത്തിയിരുന്നില്ല.
ന്യൂസ് ഡെസ്ക്