ഫ്രീടൗൺ: ലോകമാകമാനം ഭീതി വിതച്ച എബോള വീണ്ടും ഭീഷണിയുയർത്തുന്നു.  സിയേറ ലിയോണിന്റെ വടക്കൻ പ്രദേശത്ത് ഒരു എബോള മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മാരക രോഗം തിരിച്ചെത്തിയെന്ന ഭീതി ശക്തമായിട്ടുണ്ട്. എബോള ഏറ്റവും കൂടുതൽ ബാധിച്ച ഈ മേഖലയിൽ ആറുമാസമായി എബോള ബാധിച്ചുള്ള മരണങ്ങളോന്നും ഇവിടെ റിപ്പോർട്ടു ചെയ്തിട്ടുണ്ടായിരുന്നില്ല.

സിയേറ ലിയോണിൽ നിന്നും എബോള ബാധ തുടച്ചു നീക്കിയതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ നാഷണൽ എബോള റസ്‌പോൺസ് സെന്ററിന്റെ റിപ്പോർട്ടുകൾ പ്രദേശത്തെ ഞെട്ടിച്ചതായാണ് റിപ്പോർട്ടുകൾ. 4000 എബോള മരണങ്ങളാണ് മുമ്പ് സിയേറ ലിയോണിൽ രേഖപ്പെടുത്തിയിരുന്നത്.

ആഗസ്റ്റിലാണ് സിയേറ ലിയോണിലെ അവസാന എബോള ബാധിതൻ രോഗ വിമുക്തനായി ആശുപത്രി വിട്ടത്. അതിനു ശേഷമാണ് എബോള പകരുന്നതിൽ നിന്നും പ്രദേശം മുക്തമായെന്ന പ്രഖ്യാപനം ഉണ്ടായത്.  എന്നാൽ എബോള മരണങ്ങൾ വീണ്ടും വ്യാപകമാവുന്നതായാണ് റിപ്പോർട്ടുകൾ. നോർത്തേൺ കാമ്പിയ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ ആഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ നാലോളം എബോള കേസുകളാണ് ഇതിനോടകം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.