ദോഹ: കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതു പോലെ ഏകീകൃത ഇലക്ട്രോണിക് തൊഴിൽ കരാർ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളേയും കമ്പനിയേയും സംബന്ധിച്ച പൂർണ വിവരങ്ങൾ ഇലക്ട്രോണിക് കരാറിൽ ഉണ്ടാവും. സ്വകാര്യമേഖലകളിലുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ ഇലക്ട്രോണിക് തൊഴിൽ കരാർ ബാധകമാകുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ശമ്പളമടക്കം ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ജോലിയുടെ സ്വഭാവം, തൊഴിൽ അവകാശങ്ങൾ എന്നിവയെല്ലാം വ്യക്തമായി ഇലക്ട്രോണിക് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിരിക്കും. തൊഴിലാളി ഖത്തറിൽ എത്തും മുമ്പു തന്നെ മാതൃരാജ്യത്തു വച്ചു തന്നെ തൊഴിൽ കരാറിൽ ഒപ്പുവയ്ക്കണമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ നാട്ടിൽ വച്ചു തന്നെ തന്റെ തൊഴിലിനെക്കുറിച്ചും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളെകുറിച്ചും മറ്റും തൊഴിലാളിക്ക് മനസിലാക്കാൻ പറ്റും.

സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല എന്നിവിടങ്ങളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഈ ഇലക്ട്രോണിക് കരാർ ബാധകമാക്കാനാണ് നീക്കം. തൊഴിലാളികളുടെ നിയമനം സംബന്ധിച്ച ഒരു ഇടപാടുകളും ഈ കരാർ ഒപ്പുവയ്ക്കാതെ മന്ത്രാലയം നടത്തിക്കൊടുക്കില്ല. തൊഴിലാളിക്ക് വേണ്ട തൊഴിൽപരിശീലനവും വൈദഗ്ധ്യവും നേടിയിട്ടുണ്ടെന്ന കാര്യം മന്ത്രാലയം ഉറപ്പാക്കും.
വിദേശ തൊഴിലാളികളുടെ നിയമനത്തിനുള്ള യോഗ്യതകളും സർക്കാർ ഉടൻ പുറപ്പെടുവിക്കും.