കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ രാജ്യത്ത് പുതുതായി ഇലക്ട്രോണിക് മാദ്ധ്യമ നിയമം പ്രാബല്യത്തിൽ വരുത്തി. വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ, ബുള്ളറ്റിനുകൾ, ന്യൂസ് വെബ്‌സൈറ്റുകൾ, ചാനലുകളുടെ വെബ് സൈറ്റുകൾ തുടങ്ങിയവയെല്ലാം ഇനി നിയമാനുസൃത നിയന്ത്രണത്തിനു വിധേയമാകുമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കവേ മന്ത്രി ഷേക്ക് സൽമാൻ സാബാ വെളിപ്പെടുത്തി.

നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ ന്യൂസ് സർവീസുകളും രാജ്യത്ത് പ്രവർത്തിക്കാൻ വേണ്ട ലൈസൻസ് ലഭിക്കുന്നതിന് മിനിസ്ട്രി വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും നിഷ്‌ക്കർഷിച്ചിട്ടുണ്ട്. നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരു വർഷത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് മാദ്ധ്യമ നിയമവ്യവസ്ഥകൾ പാലിക്കാത്തവരെ നിയമനടപടിക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തടവ് ഉൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക്.

രാജ്യത്തിന്റെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കുന്നതിനും ഭീകരതയ്‌ക്കെതിരേ പോരാടുന്നതിനുമാണ് ഇത്തരത്തിൽ ഇലക്ട്രോണിക് മാദ്ധ്യമ നിയമം നടപ്പിൽ വരുത്തുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി. വെബ് സൈറ്റുകൾക്കു പുറമേ ബ്ലോഗുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ തുടങ്ങിയവയെല്ലാം തന്നെ ഇലക്ട്രോണിക് മാദ്ധ്യമ നിയമപരിധിയിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.