- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ ഇറങ്ങുന്നതിനു മുൻപ് സ്പെയിനിൽ പോയിട്ടും വിസ ഫോമിൽ കള്ളം പറഞ്ഞു; വാക്സിൻ എടുക്കാത്തതിന്റെ പേരിൽ വിവാദത്തിലായ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെതിരെ പുതിയ അന്വേഷണം; ടെന്നിസ് സൂപ്പർ സ്റ്റാർ ജയിലിലേക്ക്
മെൽബൺ: യാത്ര ഡിക്ലറേഷനിൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് നുണപറഞ്ഞു എന്ന ആരോപണത്തെ കുറിച്ച് ആസ്ട്രേലിയൻ അതിർത്തി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ഇത് സത്യമെന്ന് കണ്ടെത്തിയാൽ ജോക്കോവിച്ചിന് ജയിൽ ശിക്ഷവരെ ലഭിച്ചേക്കാം. ജനുവരി 4 ന് ആസ്ട്രേലിയയിൽ എത്തിയതിന് 14 ദിവസം മുൻപ് മറ്റൊരു രാജ്യത്തേക്കും സഞ്ചരിച്ചിട്ടില്ല എന്നാണ് ജോക്കോവിച്ച് തന്റെ ഡിക്ലറേഷൻ ഫോമിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രേലിയയിൽ എത്തുന്നതിന് 14 ദിവസം മുൻപ് മറ്റ് ഏതെങ്കിലും രാജ്യങ്ങൾ സന്ദർശിച്ചോ എന്ന ചോദ്യത്തിനാണ് ഫോം പൂരിപ്പിച്ചവർ ഇല്ല എന്ന് മറുപടി നൽകിയിരിക്കുന്നത്.
അതിനർത്ഥം ഡിസംബർ 21 മുതൽ നൊവാക്ക് ജോക്കോവിച്ച് ഒരേ രാജ്യത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ, സമൂഹമധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഡിസംബർ 25 വരെ സെർബിയയിൽ ഉണ്ടായിരുന്ന ജോക്കോവിച്ച് അതിനുശേഷം സ്പെയിനിലെ മർബെല്ലയിൽ എത്തി എന്നാണ്. ഡിസംബർ 31 മുതൽ, ദുബായ് വഴി ആസ്ട്രേലിയയിലേക്കുള്ള വിമാനം കയറുന്നതുവരെ അദ്ദേഹം ഇവിടെയായിരുന്നു.
സ്പെയിൻ സന്ദർശിച്ചു എന്നത് ആസ്ട്രേലിയയിൽ പ്രവേശനം നിഷേധിക്കാനുള്ള കാരണമാണോ എന്നത് വ്യക്തമല്ല. പക്ഷെ ഡിക്ലറേഷൻ ഫോമിൽ കള്ള വിവരം നൽകുക എന്നത് 12 മാസം വരെ ജയിൽ ശിക്ഷ അനുഭവിക്കാൻ ഇടയാക്കുന്ന കുറ്റമാണ്. വാക്സിനേഷൻ എടുത്തിട്ടില്ല എന്ന പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജോക്കോവിച്ച് സംഭവം ഇതോടെ പുതിയ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ഡിസംബർ 16 ന് കോറോണ പോസിറ്റീവ് ആയതിനാൽ വാക്സിൻ എടുക്കുന്നതിൽ നിന്നും ഇളവ് ലഭിച്ച സർട്ടിഫിക്കറ്റുമായാണ് ഒമ്പത് തവണ ആസ്ട്രേലിയൻ ഓപൺ ചാമ്പ്യൻ ആയിരുന്ന ജോക്കോവിച്ച് ആസ്ട്രേലിയയിൽ എത്തിയത്.
അതേസമയം ഡിസംബർ 17-ന് ജോക്കോവിച്ച് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെയും കുട്ടികളെ പുണരുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നത് ജോക്കോവിച്ചിനെ സംശയത്തിന്റെ നിഴലിലാക്കി. ഫോട്ടോ എടുത്ത സമയത്ത് തനിക്ക് കോവിഡ് ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവോ എന്നത് വ്യക്തമല്ല. കോടതി കുറ്റവിമുക്തനാക്കിയ ജോക്കോവിച്ച് ഇപ്പോൾ മെൽബോണിലെ റോഡ് അറീനയിൽ പരിശീലനത്തിലാണ്. എന്നാലും ജോക്കോവിച്ചിന്റെ ഭാവി ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തന്നെയാണ്.
അതേസമയം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിനെ കുറിച്ച് ഉയർന്ന സംശയങ്ങൾക്ക് ജോക്കോവിച്ച് തന്നെ മറുപടി പറയണം എന്ന് സെർബിയൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസ്റ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ടെന്നീസ് താരം പൊതുപരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണിത്. ഈ കോവിഡ് സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയാണ് ജോക്കോവിച്ച് വാക്സിൻ നിയമത്തിൽ ഇളവു നേടി ആസ്ട്രേലിയയിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. കോവിഡ് പോസിറ്റീവ് ആയിട്ടും പൊതുപരിപാടികളിൽ പങ്കെടുത്തുണ്ടെങ്കിൽ അത് രാജ്യത്തിന്റെ 14 ദിവസത്തെ നിർബന്ധിത ഐസൊലേഷൻ എന്ന നിയമത്തിന് എതിരാണെന്നും സെർബിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ, പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് കോവിഡ് ബാധിച്ച കാര്യം തന്റെ മകന് അറിയില്ലായിരുന്നു എന്നാണ് ജോക്കോവിച്ചിന്റെ അമ്മ പറയുന്നത്. എന്നാൽ, ഇപ്പോൾ വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഡിക്ലറേഷനിൽ തെറ്റായ വിവരം രേഖപ്പെടുത്തി എന്ന് തെളിഞ്ഞാൽ തടവ് ശിക്ഷ വരെ ടെന്നീസ് താരത്തിന് ലഭിക്കും.
മറുനാടന് ഡെസ്ക്