മെൽബൺ: ഇന്നു മുതൽ രാജ്യത്ത് പുതിയ അഞ്ചു ഡോളർ നോട്ട് ഇറങ്ങും. ഒട്ടേറെ സുരക്ഷാസംവിധാനങ്ങളോടെയാണ് പുതിയ അഞ്ചു ഡോളർ നോട്ട് പുറത്തിറക്കുന്നത്. അതുകൊണ്ടു തന്നെ വ്യാജന്മാർക്ക് നോട്ട് അനുകരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.

പത്തു വർഷത്തെ ഗവേഷണങ്ങൾക്കു ശേഷമാണ് പുതിയ നോട്ടിന് രൂപം നൽകിയിരിക്കുന്നത്. ഈ രംഗത്തെ വിദഗ്ധരേയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കൺസൾട്ടേഷനു ശേഷമാണ് പുതിയ അഞ്ചു ഡോളർ നോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. വ്യാജന്മാരെ നേരിടുന്നതിന് പ്രത്യേകം രൂപകല്പന ചെയ്താണ് നോട്ട് ഇറക്കിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് നോട്ട് ഇഷ്യൂ തലവൻ മൈക്കിൾ ആൻഡേഴ്‌സൺ വ്യക്തമാക്കി.

ഒരു പറ്റം ഗവേഷകരുടെ വർഷങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ ഭാഗമാണിതെന്നും വ്യാജന്മാർ ഏതുവിധേനയാണ് നോട്ട് അനുകരിക്കുന്നത് എന്നതിനെ കുറിച്ച് ഇവർക്ക് നല്ല ധാരണയുണ്ടെന്നും അതിനെ കവച്ചു വയ്ക്കുന്ന രീതിയിലാണ് നോട്ട് രൂപപ്പെടുത്തിയിരിക്കുന്നതെന്നും ആൻഡേഴ്‌സൻ ചൂണ്ടിക്കാട്ടി.

അതേസമയം അന്ധർക്ക് കൂടി ഏറെ ഉപകാരപ്പെടുന്ന രീതിയിലുമാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള 360,000 അന്ധർക്ക് ഈ പുതിയ നോട്ട് ഏറെ പ്രയോജനപ്പെടുമെന്നും അന്ധനായ കോണർ മക് ലിയോഡ് എന്ന പതിനഞ്ചുകാരൻ വെളിപ്പെടുത്തി. ഇത്തരത്തിലൊരു നോട്ടിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയ്ക്കു മേൽ സമ്മർദം ചെലുത്തിയിരുന്ന വ്യക്തിയാണ് മക് ലിയോഡ്. പുതിയ നോട്ടിന്റെ മേലുള്ള ബമ്പുകളാണ് നോട്ട് തിരിച്ചറിയാൻ സാധിക്കുന്നതെന്നും ഇതു തന്നെ ഏറെ വിസ്മയിപ്പിച്ചെന്നും മക് ലിയോഡ് പറയുന്നു.