- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്സ്, യാക്കോബായ സഭാ തർക്കം തീർക്കാൻ നിയമപരിഷ്കരണ കമ്മിഷന്റെ പുതിയ ഫോർമുല; പള്ളിയുടെ ഉടമസ്ഥത കണക്കാക്കുക ഇടവകയിലെ ഭൂരിപക്ഷം കണക്കാക്കി; ഭൂരിപക്ഷം നിർണയിക്കാൻ ഹിതപരിശോധനയ്ക്കു നിർദ്ദേശം; തീരുമാനത്തെ യാക്കോബായ സഭ സ്വാഗതം ചെയ്യുമ്പോൾ ഉടക്കുമായി ഓർത്തഡോക്സ് സഭ
തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം തീർക്കാൻ പുതിയ ഫോർമുലയുമായി നിയമപരിഷ്കരണ കമ്മിഷൻ. സംസ്ഥാന സർക്കാറിന്റെ ആഗ്രഹം പ്രതിഫലിക്കുന്ന വിധത്തിലുള്ള ശുപാർശകളാണ് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചു പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാണ് ശുപാർശകളിൽ പ്രധാനമായത്.
പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാൻ പ്രായപൂർത്തിയായ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനാണു ശുപാർശ. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. അതേസമയം പ്രത്യക്ഷത്തിൽ സുപ്രീംകോടതി വിധിയുടെ ലംഘനമാകുന്ന ഈ വിഷയം നിയമ പ്രശ്നങ്ങളിലേക്കും നീങ്ങാൻ സാഹചര്യം ഒരുങ്ങിയേക്കും.
എതിർത്ത് ഓർത്തഡോക്സ്, അനുകൂലിച്ച് യാക്കോബായ
പള്ളിത്തർക്കത്തിൽ നിയമനിർമ്മാണം നടത്താനുള്ള നിയമപരിഷ്കരണ കമ്മിഷൻ ശുപാർശകളെ എതിർത്ത് ഓർത്തഡോക്സ് സഭയും അനുകൂലിച്ച് യാക്കോബായ സഭയും രംഗത്തുണ്ട്. വിധി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഇത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും ഇവർ വാദിക്കുന്നു. അതേസമയം വിധിയെ അനുകൂലിച്ചാണ് യാക്കോബായ സഭ രംഗത്തുവന്നതും. രണ്ട് സഭകളുടെയും നിലപാടുകൾ ചുവടെ.
ഓർത്തഡോക്സ് സഭ
സുപ്രീം കോടതിയുടെ വിധിയെ മറികടക്കാനുള്ള നിയമ നിർമ്മാണം നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. നിയമ പരിഷ്കരണ കമ്മിഷന്റെ പരിധിക്ക് പുറത്തുള്ള ശുപാർശയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗനിർദ്ദേശമുണ്ട്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം. സഭാ ഭരണത്തിനുള്ള അടിസ്ഥാന രേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934-ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മിഷൻ ശുപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തിരഞ്ഞെടുപ്പുനടത്താൻ സഭ ഒരുക്കമാണ്. ആരാധന നടത്തേണ്ടത് 1934-ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. കോടതി വിധികൾക്കും നിയമത്തിനും മുകളിൽ ഹിതപരിശോധന ആവശ്യപ്പെടുന്നത് വിഘടനവാദം പ്രോത്സാഹിപ്പിക്കാനാണെന്ന് സംശയിക്കുന്നു.
മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരില്ലെന്ന് കരുതുന്നു. ഭൂരിപക്ഷത്തിന്റെ പേരിലോ മറ്റേതെങ്കിലും വിധേനയോ മലങ്കര സഭയിലെ പള്ളികളുടെ ഭരണവും ഉടമസ്ഥതയും 1934-ലെ ഭരണഘടനയ്ക്ക് പുറത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് അനധികൃതമാണ്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്-ബിജു ഉമ്മൻ പറഞ്ഞു.
യാക്കോബായ സഭ
2017-ലെ സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്സ് സഭാ വൈദികർക്ക് ആത്മീയ കാര്യങ്ങൾ മാത്രം നടത്താനാണ് പള്ളികളിൽ അധികാരം. സ്വത്ത് കൈകാര്യം ചെയ്യാൻ അധികാരമില്ല. ഈ സാഹചര്യത്തിൽ മലങ്കര സഭയിലെ വസ്തുവകകൾ നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് യാക്കോബായ സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ് പറഞ്ഞു. നിയമപരമായ പ്രാബല്യമില്ലാതെ പള്ളിസ്വത്തുക്കളുടെ നിയന്ത്രണവുമായി ഓർത്തഡോക്സ് സഭയ്ക്ക് മുന്നോട്ടുപോകാനുമാവില്ല.
സുപ്രീം കോടതിയുടെ 2017-ലെ വിധിയിലെ യാക്കോബായ സഭയുടെ ഏറ്റവും പ്രധാന വാദം പാത്രിയർക്കീസിന്റെ കൈവെയ്പുള്ള വൈദികരും മേൽപ്പട്ടക്കാരുമല്ലാതെ മറ്റാരും കർമങ്ങൾ നടത്താൻ അനുവദിക്കരുതെന്നായിരുന്നു. എന്നാൽ, അതിനെ എതിർത്ത സുപ്രീം കോടതി പറഞ്ഞത് വൈദികരുടെ നിയമനം ആത്മീയ കാര്യമല്ല ഭൗതിക കാര്യമാണെന്നാണ്. പ്രാർത്ഥനകൾ നടത്തുന്നതിനല്ലാതെ വൈദികന് പള്ളിയിൽ മറ്റ് അധികാര അവകാശങ്ങളില്ല. ഇത്തരത്തിൽ സുപ്രീം കോടതി വിധിച്ചിട്ടുള്ളതിനാൽ സർക്കാരിന് നിയമം നിർമ്മിക്കാതിരിക്കാനാകില്ല.
ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പുതിയ സാഹചര്യത്തിൽ നിയമനിർമ്മാണം സഭയുടെ നിലനില്പിനുതന്നെ ആവശ്യമാണ്. ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത പള്ളികളിലും മതപരമായ കർമങ്ങൾക്കല്ലാതെ വൈദികർക്ക് മറ്റ് അവകാശമില്ല. അതിനാൽ, നിയമനിർമ്മാണം ഉടൻ നടത്തണം-അഡ്വ. പീറ്റർ കെ.ഏലിയാസ് പറഞ്ഞു.
നിയമപരിഷ്കരണ കമ്മിഷന്റെ നിഗമനങ്ങൾ
പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അഥോറിറ്റിയെ നിയോഗിക്കണമെന്നാണ് ശുപാർശ. 'ദ് കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ് ഓഫ് ദ് മെംബേഴ്സ് മലങ്കര ചർച്ച് ബിൽ 2020'എന്നാണു ബില്ലിന്റെ പേര്. ശുപാർശ കഴിഞ്ഞ ദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ നിയമമന്ത്രി പി.രാജീവിനു സമർപ്പിച്ചു. നിയമനിർമ്മാണം നടത്തണമോ എന്ന കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സർക്കാർ തീരുമാനിക്കും.
1934 ലെ ഭരണഘടന ഒരു രജിസ്റ്റേഡ് രേഖ അല്ലാത്തതിനാൽ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തിൽ ആസ്തിബാധ്യതകളുടെ അവകാശം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. സഭയുടെ തനതു സ്വത്തുക്കൾ ഒഴികെ പള്ളികൾ ഉൾപ്പെടെ മറ്റു സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വിശ്വാസികൾക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം തെളിയിച്ച് അവകാശം ഉറപ്പിച്ചാൽ, ആ വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളിൽ നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷം എന്നു തെളിയുന്ന വിഭാഗത്തിനു തുടരുകയോ മറ്റു പള്ളികളിൽ ചേരുകയോ ചെയ്യാം.
പള്ളികളെയും ആരാധനയെയും സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുന്ന പക്ഷം ആ ഇടവകയിൽ ഭൂരിപക്ഷം ആർക്കെന്നു നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ മജിസ്ട്രേട്ടിനു നിവേദനം നൽകാം. മജിസ്ട്രേട്ട് അന്വേഷണം നടത്തി ഇത് അഥോറിറ്റിക്കു കൈമാറണം. അഥോറിറ്റി സർക്കാർ രൂപീകരിക്കണം. അധ്യക്ഷനു പുറമേ ഇരുവിഭാഗങ്ങളും നാമനിർദ്ദേശം ചെയ്യുന്ന 2 പ്രതിനിധികളും ഉണ്ടാകണം. നിശ്ചിത സമയത്തിനകം പ്രതിനിധികളെ തീരുമാനിച്ചില്ലെങ്കിൽ സർക്കാരിനു നിയമിക്കാം. ഡോ. എൻ.കെ.ജയകുമാർ, ലിസമ്മ ജോർജ്, കെ.ജോർജ് ഉമ്മൻ എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങൾ.
സുപ്രീം കോടതി വിധിക്കു ശേഷം സഭാ തർക്കത്തിൽ ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമ്മാണത്തിന് ശുപാർശ ചെയ്യുന്നതെന്ന് നിയമപരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി.തോമസ് വ്യക്തമാക്കി. ഞങ്ങൾ ശുപാർശ ചെയ്ത നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിയുടെ ലംഘനമല്ല നിയമം. സുപ്രീം കോടതി വിധി തെറ്റ് എന്നല്ല പൂർണമാകണം എന്നാണ് അഭിപ്രായം. ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിൽ പുനഃപരിശോധന എപ്പോഴുമുണ്ട്. മാറ്റങ്ങൾ അനുസരിച്ച് വിധികളിലും മാറ്റങ്ങൾ ഉണ്ടാകും. ഭരണഘടനാ ലംഘനം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് കോടതികളുടെ കടമയാണ്. സെമിത്തേരി ബിൽ സർക്കാർ നടപ്പാക്കിയിരുന്നു. തർക്കമുണ്ടെങ്കിൽ മാത്രം ഹിതപരിശോധന അടക്കമുള്ള നിയമ നടപടികളിലേക്ക് കടന്നാൽ മതി. അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരാമെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു.
ചർച്ച് ആക്ട് സംബന്ധിച്ച റിപ്പോർട്ടും കൈമാറിയിട്ടുണ്ട്. എല്ലാ സമുദായങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിയമങ്ങളുണ്ട്. ക്രിസ്ത്യൻ സമുദായത്തിനു മാത്രമില്ല. പള്ളിയുടെയും സഭയുടെയും വസ്തുവകകളും സമ്പത്തും സുതാര്യവും ഉത്തരവാദിത്തവുമുള്ളതാകണം എന്നതാണ് ചർച്ച് ആക്ടിന്റെ കാതൽ.
മറുനാടന് മലയാളി ബ്യൂറോ