ന്യൂഡൽഹി: രാജ്യത്ത് ഭീതി പരത്തി പുതിയതരം ഫംഗസ്ബാധ. ആസ്പർജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ഡൽഹിയിലാണ് സ്ഥിരീകരിച്ചത്.രോഗം ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു രോഗികൾ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആസ്പർജില്ലസ് വിഭാഗത്തിൽപ്പെട്ട ഈ പുതിയ ഫംഗസ്.

2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങൾ ആദ്യമായി പുറത്തുവന്നത്. തുടർന്ന് വിവിധ രാജ്യങ്ങളിൽ ആസ്പർജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയിൽ ആസ്പർജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടർന്ന് മരിച്ചത്. ഇരുവർക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടർന്നെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിച്ചില്ല. ഒരുമാസത്തോളമാണ് ചികിത്സയിൽ കഴിഞ്ഞത്. ആന്റിബയോട്ടിക്സ്, ആന്റി ഫംഗൽ മരുന്നുകൾ നൽകിയെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് റേേിപ്പാർട്ട് പറയുന്നു.

ശ്വാസതടസ്സം, പനി, ചുമ എന്നി ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ രോഗിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ചികിത്സ കൊണ്ട് യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ആന്റിബയോട്ടിക്സ്, ആന്റിഫംഗൽ മരുന്നുകൾ നൽകിയെങ്കിലും വിവിധ അവയവങ്ങൾക്ക് ഉണ്ടായ തകരാറിനെ തുടർന്ന് രണ്ടാമത്തെ രോഗിയും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.