പി ജെ അബ്ദുൾ കലാം എന്ന വ്യക്തിയോട് ആശയപരമായി വിയോജിപ്പുള്ള പലരും ഉണ്ടാകാം. അതൊക്കെ അവർ അതാതു വേദികളിൽ അവതരിപ്പിക്കുകയും ചെയ്യും. പ്രമുഖ വ്യക്തികൾ അന്തരിക്കുമ്പോൾ ആശയപരമായ വിയോജിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്യുന്ന പതിവുമുണ്ട്.

എന്നാൽ, ഒരു മുൻ രാഷ്ട്രപതി എന്നതിലുപരി മഹാനായ ഒരു ശാസ്ത്രജ്ഞന്റെ അന്ത്യത്തോട് 'ന്യൂ ജനറേഷന്റെ' പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പൊതുവെ ഫ്രീക്കന്മാർ എന്നറിയപ്പെടുന്ന ഈ അപൂർവ വിഭാഗം സോഷ്യൽ മീഡിയയിൽ കുറിക്കുന്ന വാക്കുകൾ വായിച്ചെടുക്കാൻ പോലും ആർക്കും കഴിയാറില്ല.

ഇത്തരത്തിൽ ഒരു കൂട്ടം പേരാണ് എ പി ജെ അബ്ദുൾ കലാമിന്റെ വിയോഗവും ആഘോഷമാക്കിയത്. 'ഫീലിങ് ശോകം: മിസ് യൂ ബ്രോ, എ പി ജെ അബ്ദുൾ കലാം, മിസ് യൂ, ലബ് യൂ മ്വുത്തേ; പ്വൊളിക്ക് മ്വുത്തേ; യൂ ആർ മൈ ഗൽബ്' എന്നൊക്കെയാണ് ഫ്രീക്കന്മാർ മുൻ രാഷ്ട്രപതിയുടെ വിയോഗ വാർത്തയോടു പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ഒരു ലോകത്താണല്ലോ ജീവിക്കുന്നത് എന്നതിൽ അപമാനം തോന്നുന്നുവെന്നാണ് പലരും പ്രതികരിച്ചത്. മനുഷ്യത്വം ഇവിടെ ഇല്ലാതാകുന്നു എന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു.

അവസാന ശ്വാസം വരെ കർമപഥത്തിൽ സജീവമായിരുന്ന ഒരു മഹദ് വ്യക്തിയുടെ വിയോഗത്തെപ്പോലും ന്യൂ ജൻ രീതിയിൽ ആഘോഷിക്കുന്നത് എന്തായാലും ഉൾക്കൊള്ളാൻ ആകുന്നില്ല. ഈ കാണിച്ചുകൂട്ടുന്ന കോപ്രായം വിവരമില്ലായ്മയാണോ അതോ പണ്ട് സ്വരാജ് എന്ന എസ്എഫ്‌ഐ നേതാവ് ചില വാർത്തകളെക്കുറിച്ചു പറഞ്ഞതു പോലുള്ള പ്രയോഗം തന്നെ വേണ്ടിവരുമോ എന്നാണ് സൈബർ ലോകം ചോദിക്കുന്നത്.

സ്വന്തം പിതാവു മരിച്ചാലും ഇങ്ങനെയൊക്കെ തന്നെയാകും ഇവർ പ്രതികരിക്കുന്നതെന്നും സൈബർ ലോകം കുറ്റപ്പെടുത്തുന്നു. പിതൃശൂന്യത എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഇവന്മാർക്കു മനസിലാകുമോ ആവോ എന്നും ഇത്തരം പോസ്റ്റുകളെക്കുറിച്ച് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

അതിനിടെ, ബോളിവുഡ് അനുഷ്‌ക ശർമയ്ക്കു പറ്റിയ അബദ്ധവും സൈബർ ലോകത്തു ചർച്ചാവിഷയമായിട്ടുണ്ട്. അബ്ദുൾ കലാമിന് പകരം അബ്ദുൾ കലാം ആസാദിന്റെ മരണത്തിലായിരുന്നു അനുഷ്‌ക അഗാധ ദുഃഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. എ പി ജെ എന്നതിനു പകരം എ ബി ജെ എന്നും അനുഷ്‌ക കുറിച്ചു. അബ്ദുൾ കലാം ആസാദിന്റെ മരണവാർത്ത എന്നെ ഏറെ ദുഃഖിപ്പിപ്പിക്കുന്നു. പ്രചോദനം പകർന്ന ആ ദാർശനികന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നായിരുന്നു അനുഷ്‌കയുടെ ആദ്യ ട്വീറ്റ്.

അനുഷ്‌കയുടെ കൈയബദ്ധത്തിനെതിരെ ട്വിറ്ററിൽ ആരാധകരുടെ പ്രതിഷേധം ഉയർന്നതോടെ അബദ്ധം തിരിച്ചറിഞ്ഞ താരം ഉടൻ ട്വീറ്റ് പിൻവലിച്ച് പുതിയ ട്വീറ്റ് ചെയ്തു. എന്നാൽ രണ്ടാം തവണയും അനുഷ്‌കയ്ക്ക് തെറ്റി. ഇത്തവണയും അബ്ദുൾ കലാമിന് പകരം അബ്ദുൾ കലാം ആസാദിനു തന്നെയായിരുന്നു ബോളിവുഡ് താരം ആദരാഞ്ജലി അർപ്പിച്ചത്. പെട്ടെന്ന് അബദ്ധം തിരിച്ചറിഞ്ഞ താരം മൂന്നാം തവണ അബ്ദുൾ കലാമിനു തന്നെ ആദരാഞ്ജലി അർപ്പിച്ചു.