സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടി വാർത്തകൾ ചമയാനും സ്വീകാര്യതകൾ വർധിപ്പിക്കാനും മത്സരിക്കുകയാണ് സൈബർ ലോകം. ട്രോളുകൾ കൊണ്ട് തലവേദനയായവരും ചില്ലറയല്ല. ഗോസിപ്പുകളും പീഡനങ്ങളും ആഘോഷമാക്കാറുണ്ടെങ്കിലും സിനിമാ വാർത്തകൾക്കും താരങ്ങളുടെ വ്യക്തി ജീവിതത്തിനും തന്നെയാണ് എന്നും ആളുകൾ ഒളിഞ്ഞു നോക്കുന്നത്. അത്രയേറെ ഇഷ്ടമുള്ളതു കൊണ്ടാണ് സെലിബ്രിറ്റികളെ വിടാതെ പിന്തുടരുന്നത് എന്നാണ് ഒരു പക്ഷത്തിന്റെ വാദം. അതേസമയം സെലിബ്രിറ്റികളെ വിടാതെ പിന്തുടർന്ന് അവരിൽനിന്നും പണം വിഴുങ്ങുന്ന സംഘവും സജീവമാണെന്ന് ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്.

വ്യാജ വാർത്തയിൽ കുരുങ്ങി നിരവധി സെലിബ്രിറ്റികളുടെ വ്യക്തി ജീവിത്തിന് ദോഷകരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവുലത്തെ ഇരയാണ് നടൻ ദിലീപ്. മകൾ സമ്മദിച്ചാൽ വിവാഹം എന്ന രീതിയിൽ വാർത്ത മെനഞ്ഞതായിരുന്നു ദിലീപിനെ ചൊടിപ്പിച്ചത്. വാർത്ത നൽകിയ ഓൺലൈൻ പത്രത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു താരത്തിന്റെ വിമർശം. വാർത്ത എഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം? ഈ ചെറുപ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചവളാണ് എന്റെ മകൾ. അതിന്റെ പക്വതയും വിവേകവും അവൾക്കുണ്ട്,നിന്നെപ്പോലുള്ള മഞ്ഞപത്രക്കാർക്ക് എന്റെ മകളെക്കുറിച്ച് പരാമർശിക്കാൻപോലും അർഹതയില്ലെന്ന് ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

വാർത്തകൾ വളച്ചൊടിച്ചു ആളുകളെ ആകർഷിക്കുന്ന പ്രവണതയാണ് ഇന്ന് സിനിമാ പ്രമോഷൻ എന്നു പറഞ്ഞുകൊണ്ടു ചില പോർട്ടലുകൾ പ്രവർത്തിക്കുന്നത്. ഇതിൽ തന്നെ കൊച്ചി കേന്ദ്രീകരിച്ചു കൊണ്ടാണ് ഭൂരിപക്ഷം പ്രമോഷൻ ചാനലുകളും നിലവിലുള്ളത്. സിനിമയുടെ കച്ചവട ജനപ്രിയ സാധ്യതകൾ മാത്രം കണക്കിലെടുത്തു കൊണ്ടാണ് ഇവരുടെ പ്രവർത്തനം. പത്രപ്രവർത്തന പരിചയം ഇല്ലാതെ ഓൺലൈൻ പോർട്ടലുകൾ ആരംഭിച്ച് താരങ്ങളിൽ നിന്നും അണിയറ പ്രവർത്തകരിൽ നിന്നും പണം തട്ടലും വ്യാപകമാണെന്ന് പരാതിയും നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രചാരകരെന്ന രീതിയിൽ ഓൺലൈൻ ചാനലുകൾ പിടിമുറുക്കിയിട്ടു ഉദ്ദേശം മൂന്നു വർഷം പിന്നിട്ടിരിക്കുന്നു. രണ്ടും മൂന്നും വരികളുള്ള വാർത്തകൾ വളച്ചൊടിച്ചും മസാലകൾ ചേർത്തും ആളുകളെ ആകർഷിക്കുന്ന തലക്കെട്ടുകളും നൽകി ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച് വായനക്കാരെ ആകർഷിക്കുന്നതാണ് ഇവരുടെ ശൈലി.

ആവശ്യത്തിനു റിപ്പോർട്ടർ മാരോ, ഉറവിട പിന്തുണയും ഇല്ലാതെ, വാർത്തകൾക്കായി ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും പത്രങ്ങളിലെ വാരാന്തപ്പതിപ്പുകളുമാണ് ആശ്രയിക്കുന്നത്. വനിതാ മാഗസിനുകളിൽ വന്ന ഇന്റർവ്യൂകളുമാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വാർത്തകൾ ആവശ്യമില്ലാതെ വളച്ചൊടിച്ചാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്.

ന്യൂ ജനറേഷൻ ടാഗോടെ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവസിനിമാ പ്രവർത്തകരാണ് സിനിമയുടെ പ്രചരണത്തിനും പരസ്യ തന്ത്രങ്ങൾക്കും ഓൺലെൻ മാദ്ധ്യമങ്ങളെ ആദ്യമായി ഉപയോഗിച്ചത്. അങ്ങനെയുള്ളപ്പോൾ ചിത്രങ്ങൾക്ക് ശ്രദ്ധ കിട്ടിയതാണ് ആളുകളെ വീണ്ടും ആ വഴിയിൽ നടക്കാൻ പ്രേരിപ്പിച്ചത്. അതോടെ കൊച്ചിയും പരിസര പ്രദേശത്തുമായി കൂണുകൾ പോലെ പ്രമോഷൻ സൈറ്റുകൾ തഴച്ചു വളരാൻ തുടങ്ങി.

ഇന്ന് പ്രചാരത്തിലുള്ള സിനിമ പ്രമോഷൻ ഓൺലൈനിന്റേയും തലപ്പത്ത് പത്രപ്രവർത്തകരല്ല. മണിക്കൂറുകളും ദിവസങ്ങൾക്കും വേണ്ടി പടച്ചുവിടുന്ന വാർത്തകളിൽ തട്ടിത്തടഞ്ഞു വലിയൊരു പ്രത്യാഘാതമാണ് ചലച്ചിത്ര മാദ്ധ്യമ പ്രവർത്തനത്തിന് ഉണ്ടാവുക എന്ന് ആരും ഓർക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് റീച്ച് ഉണ്ട്, തങ്ങളുടേതായ വായനക്കാരിലേക്ക് വാർത്തകൾ എത്തിക്കാം എന്നു പറഞ്ഞു കൊണ്ടാണ് സൈറ്റുകൾ പണം ഈടാക്കുന്നത്. കാര്യമായ പരസ്യങ്ങൾ ഒന്നും ഇല്ലാത്ത ഇത്തരം പോർട്ടലുകൾ ഓടുന്നത് ഇത്തരം പണത്തിലാണെന്നും ആരോപണം ശക്തമാണ്.

സിനിമ പ്രക്യാപിക്കുമ്പോൾ തന്നെ അതിന്റെ അണിയറ പ്രവർത്തകർ, സംവിധായകർ, നടന്മാർ, നിർമ്മാതാക്കൾ ഇവരെയൊക്കെ വിളിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങും. പണം നൽകാൻ വിസമ്മദിക്കുന്നവർക്ക് നേരെ ഭീഷണിയായിരിക്കും. നിന്റെ സിനിമ തുലച്ചു കളയും എന്ന വെല്ലു വിളിയും. മലയാള സിനിമയിൽ അംഗീകൃത സ്ഥാപനങ്ങൾ പലതും നിയമ പരമായ നിബന്ധനകളോട പ്രമോഷൻ നടത്തുമ്പോഴാണ് ഇവർ പണം വാങ്ങി പ്രമോട്ട് ചെയ്യാൻ തിരക്ക് കൂട്ടുന്നത്.

ഒരുപാട് ആളുകളുടെ അധ്വാനത്തെ പണം നൽകാത്തതിന്റെ പേരിൽ തുലച്ചു കളഞ്ഞിരിക്കുന്നു. അത്തരം സംഘങ്ങളെ ഇന്ന് സിനിമാക്കാരും ഭയന്നു തുടങ്ങിയിരിക്കുന്നു.