ലണ്ടൻ: സ്‌കോളർഷിപ്പോടെ നഴ്സിംഗിൽ എം എസ് സി പോലുള്ള ഉന്നത ബിരുദമെടുക്കാൻ ശ്രമിക്കുന്ന വിദേശ നഴ്സുമാർക്ക് ഇരുട്ടടിയായി ബ്രിട്ടീഷ് സർക്കാർ അപ്രന്റീസ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഇതനുസരിച്ച്, സാമ്പത്തിക സഹായത്തോടെ മാസ്റ്റേഴ്സ് ഇൻ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസ് പോലുള്ള കോഴ്സുകൾക്ക് ചേരണമെങ്കിൽ ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലും ജി സി എസ് ഇ ലെവൽ 2 യോഗ്യത നേടിയിരിക്കണം.

നിർഭാഗ്യവശാൽ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ 10-ാം ക്ലാസ്സിലേയോ 10പ്ലസ് ടു വിലേയോ ഇംഗ്ലീഷിലും കണക്കിലും നേടിയിട്ടുള്ള യോഗ്യത ബ്രിട്ടനിലെ ജി സി എസ് ഇ ( 11ാം വർഷം) യോഗ്യതയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത്തരം കോഴ്സുകൾക്ക് ചേരുന്ന വിദേശ നഴ്സുമാർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കുന്നതിനു മുൻപായി തന്നെ ഫംഗ്ഷണൽ സ്‌കിൽ കോഴ്സും പൂർത്തിയാക്കേണ്ടതായി വരുന്നു. അല്ലാത്തപക്ഷം എം എസ് സി സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.

ഏതെങ്കിലും ബ്രിട്ടീഷ് സർവകലാശാലയിൽ നിന്നു തന്നെയുള്ള മാസ്റ്റേഴ്സ് ഡിഗ്രിയോ, പി എച്ച് ഡിയോ അല്ലെങ്കിൽ ലെവെൽ 6/7 യോഗ്യതകളോ ഇംഗ്ലീഷിലേയും കണക്കിലേയും പ്രാവീണ്യം തെളിയിക്കാൻ മതിയാകില്ല. അതുകൊണ്ടു തന്നെ ഈ പുതിയ നിയമം അനാവശ്യമായ ആകാംക്ഷയും ഉത്കണ്ഠയുമാണ് വിദേശ നഴ്സിങ് വിദ്യാർത്ഥികളിൽ ജനിപ്പിക്കുന്നത്. മാത്രമല്ല, അപ്രന്റീസ് കോഴ്സിൽ ഉള്ളവർക്ക് അധികമായ പഠനഭാരവും ഇതുമൂലം ഉണ്ടാകുന്നു. ലെവെൽ 7 പ്രൊഗ്രാമിനുള്ള ഈ പുതിയ മാനദണ്ഡം കാത്തുസൂക്ഷിക്കാൻ വിദേശ നഴ്സിങ് വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്.

അവരിൽ പലരും 10പ്ലസ് ടു സ്‌കൂളിങ് കഴിഞ്ഞ് പ്രാഥമിക നഴ്സിങ് പരിശീലനം ലഭിച്ചവരാണ്. മാത്രമല്ല, അവരിൽ പലരും എൻ എം സിയുമായി റെജിസ്റ്റർ ചേയ്യേണ്ടുന്നതിലേക്കായി ഐ ഇ എൽ ടി എസ്/ ഒ ഇ ടി പാസ്സായവരും ആണ്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ഇപ്പോൾ ഇംഗ്ലീഷിലും കണക്കിലും പ്രാവീണ്യം തെളിയിക്കണമെന്ന ആവശ്യം ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് മുൻപിൽ തൊഴിൽ മേഖലയിൽ ഉയരുവാനുള്ള ആഗ്രഹത്തിന് വിഘാതമായി എത്തിയിരിക്കുകയാണ്. യു കെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിൽ റെജിസ്റ്റർ ചെയ്ത നഴ്സുമാരിൽ 32,000 ൽ അധികം പേർ ഇന്ത്യയിൽ നിന്നും പരിശീലനം സിദ്ധിച്ചവരാണ്. അവരിൽ ഏറിയ പങ്കും മലയാളികളും.

അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസ് കോഴ്സിൽ ചേരുവാൻ നേരത്തേ ഉണ്ടായിരുന്ന നിബന്ധനങ്ങൾ താഴെ പറയുന്നവയായിരുന്നു.

നിങ്ങളുടെ രാജ്യത്തുനിന്നുള്ള സെക്കണ്ടറി സ്‌കൂൾ സർട്ടിഫിക്കറ്റ്
നഴ്സിങ് യോഗ്യത (ഡിപ്ലൊമ/ ഡിഗ്രീ/ എം എസ് സി)
യു കെ എച്ച് ഇ ഐയിൽ നിന്നുള്ള ലെവൽ 6/7 സർട്ടിഫിക്കറ്റ്
5/6/7 ബാൻഡുകളിൽ ജോലിചെയ്യുന്നതിനുള്ള കഴിവ്
അതുപോലെ ബ്രിട്ടനിൽ ഒരു റെജിസ്ടേഡ് ഹെൽത്ത് കെയർ പ്രൊഫഷണലായി പ്രവർത്തിക്കുവാനുള്ള നിങ്ങളുടെ കഴിവ്
ഇനി മുതൽ ഈ യോഗ്യതയുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് അപ്രന്റീസ്ഷിപ്പ് ചെയ്യാൻ ആകില്ല.

കഴിഞ്ഞയാഴ്‌ച്ച, കിന്റർഗർട്ടൻ മുതൽ തന്നെ ഇംഗ്ലീഷ് പഠിക്കുകയും 10-ാം ക്ലാസ്സിലും 10പ്ലസ് ടു വിലും യഥാക്രമം73 ശതമാനവും 82 ശതമാനവും മാർക്ക് ഇംഗ്ലീഷിൽ നേടുകയും ചെയ്ത ഒരു ഇന്ത്യൻ വിദ്യാർത്ഥിയോട് ( അഡ്വാൻസ്ഡ് പ്രാക്ടീഷണർ എം എസ് സി വിദ്യാർത്ഥി) ഫംഗ്ഷണൽ സ്‌കിൽസിൽ പരിശീലനം നേടാൻ ഒരു യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് യോഗ്യത അവർ നിരാകരിക്കുകയായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, അയർലൻഡ്, ന്യുസിലാൻഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ജി സി എസ് ഇ ഉള്ള നഴ്സുമാർക്ക് ഇത് വലിയ പ്രശ്നമാകുന്നില്ല. എന്നാൽ, ഇപ്പോൾ ഏറ്റവുമധികം നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പുതിയ നിയമം ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അവർ ഇതുവരെ ചെയ്ത കഠിനാദ്ധ്വാനവും അതുപോലെ അവർ നേടിയ യോഗ്യതകളുമൊക്കെ പാഴായി പോകുന്ന കാഴ്‌ച്ചയാണിപ്പോൾ കാണുന്നത്. അതേസമയം നിങ്ങൾ ഫീസ് നൽകി പഠിക്കുകയാണെങ്കിൽ ഫംഗ്ഷണൽ സ്‌കിൽ എന്നൊരു ആവശ്യമില്ലെന്നതും ശ്രദ്ധിക്കണം.