- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിലും ടെലിവിഷൻ ചാനലുകളിലും ഇടതുപക്ഷത്തിന്റെ വിശ്വസ്ത പോരാളി; സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ ഹൈക്കോടതിയിലെ ഗവ: പ്ലീഡർ; പട്ടികയിൽ ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയും; സർക്കാർ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി. 20 ഇരുപത് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, 53 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 52 ഗവൺമെന്റ് പ്ലീഡർമാർ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം ഒഴിച്ചിട്ടിട്ടുമുണ്ട്. 20 സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരിൽ അഞ്ച് പേർ വനിതകളാണ്.
ഇരുപത് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരിൽ അഞ്ച് പേർ വനിതകളാണ്. എം. ആർ. ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പൻ (എസ് സി / എസ് ടി), കെ ആർ ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ അതിക്രമം തടയൽ), എൻ സുധ ദേവി ( ഭൂമി ഏറ്റെടുക്കൽ) എന്നിവരാണ് സ്പെഷ്യൽ ഗവർന്മെന്റ് പ്ലീഡർമാരായ വനിതകൾ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ അഭിഭാഷകനായി പരിഗണിക്കപ്പെടാതിരുന്ന ടി. ബി. ഹൂദ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായി. സി. ഇ ഉണ്ണികൃഷ്ണനാണ് അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ മറ്റൊരു സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ. നാഗരാജ് നാരായണൻ വനം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പദവിയിൽ തുടരും.
പി. സന്തോഷ് കുമാർ (വ്യവസായം), രാജേഷ് എ ( വിജിലൻസ്), റോബിൻ രാജ് (എസ് സി / എസ് ടി), എസ് യു നാസർ (ക്രിമിനൽ), കെ ബി രാമാനന്ദ് (അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീൻ പി പി (സഹകരണം), എം എൽ സജീവൻ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), എം എച്ച് ഹനിൽ കുമാർ (റവന്യു), ടി പി സാജൻ (ഫോറസ്റ്റ്), സിറിയക് കുര്യൻ (ജലസേചനം) എന്നിവരാണ് മറ്റ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ.
നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പദവികൾ ഒന്നായി വെട്ടി ചുരുക്കി. പകരം ജലസേചന വകുപ്പിന് ഒരു സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനം നൽകി. ഇതിലേക്കാണ് മാണി ഗ്രൂപ്പ് നോമിനിയായി കൊച്ചിയിലെ എ & സി ലോ ചേമ്പറിലെ സിറിയക് കുര്യനെ നിയമിച്ചത്.
53 സീനിയർ ഗവൺമെന്റ് പ്ലീഡർമാരിൽ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയ്, സുപ്രീം കോടതി മുൻ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉൾപെടും. ജോദ്പുർ നാഷണൽ ലോ സ്കൂളിൽ നിന്നാണ് സൂര്യ ബിനോയ് നിയമത്തിൽ ബിരുദം നേടിയത്. തുഷാര ജയിംസ് ഒന്നാം പിണറായി സർക്കാരിന്റെ ഗവർന്മെന്റ് പ്ലീഡർ ആയിരുന്നു. സിപിഎം അഭിഭാഷക സംഘടനയുടെ പാനലിൽ ഉൾപ്പെട്ടില്ലെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നികുതി കേസ്സുകളിൽ ഹാജരായിരുന്ന തുഷാര ജെയിംസിനും ഇത്തവണ സീനിയർ ഗവൺമെന്റ് പ്ലീഡറായി സ്ഥാന കയറ്റം ലഭിക്കുകയായിരുന്നു.
ഗവൺമെന്റ് പ്ലീഡർമാരായി നിയമിതരായവരിൽ ഏറ്റവും ശ്രദ്ധേയമായത് സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്റെ പേരാണ്. സുപ്രീം കോടതിയിൽ സിപിഎം നേതാക്കൾക്കും, പോഷക സംഘടനകൾക്കുമായി നിരവധി കേസുകൾ രശ്മിത രാമചന്ദ്രനാണ് ഫയൽ ചെയ്തിട്ടുള്ളത്.
സുപ്രീം കോടതിയിൽ സിപിഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷൻ കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ് . ഡിവൈഎഫ്ഐക്ക് വേണ്ടി റോഹിൻഗ്യ കേസ്, സിഐടിയുവിന് വേണ്ടി ഡൽഹി മിനിമം വേജസ് കേസ്,കിസാൻ സഭയ്ക്ക് വേണ്ടി ആധാർ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീർ പ്രോപ്പർട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രൻ ആയിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷൻ കേസിലും, പെഗസ്സസ് കേസിലും, ലോക്സഭാ എം പി ആരിഫിന് വേണ്ടി എം പി ഫണ്ട് കേസ് ഫയൽ ചെയ്തതും രശ്മിത ആണ്.
മറുനാടന് മലയാളി ബ്യൂറോ