ദോഹ: മണിക്കൂറിൽ 8.5 ബിടിയുവിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന എസിയുടെ പഴയമോഡലുകൾ ഖത്തറിൽ നിരോധിച്ചതോടെ പുതിയ എസികൾ വാങ്ങാൻ വിപണിയിൽ തിരക്കേറി. വൈദ്യുതി ലാഭിക്കാമെങ്കിലും വില കൂടുതലായതിനാൽ പോക്കറ്റ് കാലിയാകുമെന്നുള്ള വേദനയിലാണ് പ്രവാസികൾ.

ജൂലൈ ഒന്നുമുതലാണ് ഉയർന്ന സ്റ്റാർ റേറ്റിങ്ങുള്ള എസികൾ വിപണിയിൽ ലഭ്യമായി ത്തുടങ്ങിയത്. ഏറെ വൈദ്യുതി വേണ്ട പഴയ മോഡൽ എസികൾ ജൂലൈ ഒന്നുമുതൽ രാജ്യത്തു നിരോധിച്ചതിനാൽ പുതിയ മോഡലുകൾ വാങ്ങാൻ ഒട്ടേറെയാളുകൾ ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നുണ്ട്. എന്നാൽ ഉയർന്ന വിലയാണ് ഇടത്തരം വരുമാനക്കാരെ വലയ്ക്കുന്നത്. സ്റ്റാർ റേറ്റിങ്ങുള്ള സ്പ്ലിറ്റ് എസിക്കു ചുരുങ്ങിയത് 500 റിയാലും വിൻഡോ ടൈപ്പിനു 300 റിയാലും വില കൂടിയതായാണു വിപണിവൃത്തങ്ങൾ പറയുന്നത്.

വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഈദ് അവധി തീർന്നാലുടൻ പരിശോധന ശക്തമാക്കുമെന്നതിനാൽ വ്യാപാരികളെല്ലാം പഴയ മോഡലുകൾ ഷോറൂമുകളിൽനിന്നു പിൻവലിച്ചുകഴിഞ്ഞു. സിംഗിൾ ഫേസിൽ 240 വോൾട്ടിലും ത്രീഫേസിൽ 415 വോൾട്ടിലും 50 ഹെർട്സ് ഫ്രീക്വൻസിയിലും പ്രവർത്തിക്കുന്ന മോഡലുകൾക്കു മാത്രമാണ് ഇപ്പോൾ ഖത്തറിൽ ഇറക്കുമതി, വിതരണ, വിൽപനാനുമതിയുള്ളത്. ഇളക്കിമാറ്റാൻ പറ്റാത്ത വിധത്തിൽ കമ്പനികൾതന്നെ സ്റ്റാർ റേറ്റിങ് പതിച്ചാണു പുതിയ എസികൾ വിപണിയിൽ എത്തിക്കുന്നത്.