നേകവർഷം പ്രണയിച്ച് പരസ്പരം ഓരോ ഇഞ്ചും മനസ്സിലാക്കിയ ശേഷം വിവാഹിതരാവുന്ന മാതൃകാ പ്രണയജോഡികളുടെ ജീവിതത്തിൽ പോലും വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്കകം അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. ഭർത്താവ് തന്നെ മനസ്സിലാക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും സന്തോഷിപ്പിക്കുന്നില്ലെന്നമാവും ഭാര്യമാർ ഈ സന്ദർഭത്തിൽ പരാതിയുന്നയിക്കുന്നത്. പല ഭർത്താക്കന്മാർക്കും ഭാര്യമാരെ എങ്ങനെയാണ് സന്തോഷിപ്പിക്കേണ്ടതെന്നറിയാത്തതാണ് ഇത്തരം പ്രശ്‌നങ്ങളുടെ മൂലകാരണം.

അതിനുള്ള പരിഹാരമായി ഒരു ഗ്രൂം അക്കാദമിയൊരുക്കിയിരിക്കുകയാണ് വോർസെസ്റ്ററിലെ വൈറ്റ്ഹൗസ് ഹോട്ടൽ. തങ്ങളുടെ ഒരു പാക്കേജിന്റെ ഭാഗമായാണ് ഹോട്ടൽ ഗ്രൂം അക്കാദമി തുടങ്ങിയിരിക്കുന്നത്. ഭാര്യമാരെ സന്തോഷിപ്പിക്കാനുതകുന്ന വിധം ഭർത്താക്കന്മാർക്ക് പെരുമാറ്റം മുതൽ പാചകം വരെ പഠിപ്പിക്കാൻ പുതിയ ഗ്രൂം അക്കാദമി സൗകര്യമൊരുക്കിയിരിക്കുന്നു. ഈ വക വിഷയങ്ങളിൽ തികഞ്ഞ പ്രായോഗിക പരീശീലനമാണ് ഭർത്താക്കന്മാർക്കായി ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. കോഴ്‌സിന്റെ ഭാഗമായി വീട് വൃത്തിയാക്കൽ, ഇസ്തിരിയിടൽ, കോക്ക്‌ടെയിൽ മേക്കിങ് തുടങ്ങിയ വിദ്യകളിലും ഇവിടെ ഭർത്താക്കന്മാർക്ക് പരീശീലനം നൽകി വരുന്നുണ്ട്.

ഈ ഹോട്ടലിലെ പേരുകേട്ട ഷെഫുമാർ ഭർത്താക്കന്മാർക്ക് പാചകത്തിലും പരിശീലനം നൽകുന്നുണ്ട്. രുചികരമായ വിഭവങ്ങൾ ഒരുക്കി ഭാര്യമാരെ സന്തോഷിപ്പിക്കുകയാണിതിന്റെ ലക്ഷ്യം. പ്രത്യേക സന്ദർഭങ്ങളിൽ വിശിഷ്ടവിഭവങ്ങൾ ഉണ്ടാക്കി ഭാര്യമാരെ സന്തോഷിപ്പിക്കാൻ അത്തരം വിഭവങ്ങളുടെ നിർമ്മാണത്തെപ്പറ്റിയുള്ള സ്‌റ്റൈപ്പ് ബൈ സ്റ്റെപ്പ് ഗൈഡും ഇവിടെ നിന്ന് നൽകുന്നുണ്ട്. കോഴ്‌സ് കഴിഞ്ഞ് പോകുന്ന പുരുഷന്മാരെ അവരുടെ വിവാഹ വാർഷികം ഓർമിപ്പിച്ച് കൊണ്ട് വർഷം തോറും ഈ ഹോട്ടലിൽ നിന്ന് മെസേജും അയക്കും. ഭാര്യക്ക് വാർഷികത്തിൽ മറക്കാതെ സമ്മാനങ്ങൾ വാങ്ങിക്കൊടുത്ത് സന്തോഷിപ്പിക്കാൻ ഇതിലൂടെ ഭർത്താക്കന്മാർക്ക് സാധിക്കുന്നു. ഈ കോഴ്‌സിനൊപ്പം മൂന്ന് മീൽസും ഒരു രാത്രി താമസവും ബ്രേക്ക്ഫാസ്റ്റും ഹോട്ടൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ വ്യത്യസ്തവും ഉപകാരപ്രദവുമായ ഒരു കോഴ്‌സ് തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് ഹോട്ടലിന്റെ ജനറൽ മാനേജരായ റെച്ചൽ മിറ്റ്‌ച്ചെൽ പറയുന്നത്. ഹണിമൂൺ കാലത്തുള്ള ദമ്പതികൾക്ക് ഇത്തരത്തിൽ മാതൃകാപരമായതും ഉപകാരപ്പെടുന്നതും ഓർമിക്കപ്പെടുന്നുമായ രീതിയിൽ ആതിഥ്യമരുളാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും റെച്ചൽ കൂട്ടിച്ചേർത്തു. ഇവിടുത്തെ കോക്ക്‌ടെയിൽ കുക്കിങ് ക്ലാസുകൾ ഭർത്താക്കന്മാർക്ക് ഭാര്യമാരെ പ്രീതിപ്പെടുത്താൻ നന്നായി ഉപകരിക്കുമെന്നും വിവാഹവാർഷികം അറിയിച്ച് കൊണ്ട് മെസേജ് അയക്കുന്നത് മറവി മൂലമുണ്ടാക്കുന്ന ദാമ്പത്യ കലഹങ്ങൾ ഒഴിവാക്കി സന്തോഷം നിലനിർത്താൻ സഹായിക്കുമെന്നും ഇതിലൂടെ റൊമാൻസ് എപ്പോഴും നിലനിർത്താൻ വഴിയൊരുങ്ങുമെന്നും റെച്ചൽ മിറ്റ്ച്ചൽ അവകാശപ്പെടുന്നു. 198 പൗണ്ട്, 129 പൗണ്ട് എന്നിങ്ങനെ വ്യത്യസ്ത നിരക്കിലുള്ള പാക്കേജുകൾ ലഭ്യമാണ്.