തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലുള്ളവരെ വൈദ്യ പരിശോധനയ്‌ക്കെത്തിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനം ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ നിർദ്ദേശം. നെടുങ്കണ്ടത്തെ രാജ്കുമാർ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ആന്തരിക പരിക്ക് ഉണ്ടോയെന്ന് അറിയാനാണ് വിശദ പരിശോധന നടത്തുന്നത്. അടിവയറിന്റെ അൾട്രാ സൗണ്ട് സ്‌കാനിങ്, പേശികൾക്ക് ക്ഷതമുണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി യൂറിൻ മയോഗ്ലോബിൻ പരിശോധന, നീർക്കെട്ടുണ്ടോയെന്ന് അറിയാനായി സി.ആർ.പി. പരിശോധന, ക്രിയാറ്റിൻ പരിശോധന തുടങ്ങിയവ നടത്താനാണ് നിർദ്ദേശം.

എന്നാൽ എല്ലാ സർക്കാർ ആശുപത്രികളിലും സങ്കീർണമായ ഈ പരിശോധനകൾക്കുള്ള സംവിധാനമില്ല. ഈ പരിശോധനാ സംവിധാനമുള്ള ആശുപത്രിയിലേക്ക് കസ്റ്റഡിയിലുള്ളവരെ എത്തിക്കുക മാത്രമേ മാർഗമുള്ളൂ. പൊലീസുകാരിൽനിന്ന് ഉണ്ടായേക്കാവുന്ന സമ്മർദങ്ങളിൽനിന്ന് ഡോക്ടർമാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്ന പരിശോധനകൾ എല്ലാ സർക്കാർ ആശുപത്രിയിലും ലഭ്യമല്ല. ജില്ലയിൽ ഒരുആശുപത്രിയിലെങ്കിലും ഈ പരിശോധനകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേശ് ആർ. അറയിച്ചു