ദുബായ്: നിങ്ങളുടെ പാസ്‌പോർട്ടിലെ അഡ്രസ് മാറ്റണമെങ്കിൽ പാലിക്കേണ്ട പുതിയ നിർദ്ദേശങ്ങൾ പുറത്ത് വന്നു.നവംബർ 4 നും 9 നും ഇടയിൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദേശങ്ങൾ യുഎഇയിലെ ഇന്ത്യൻ മിഷൻ ആണ് പുറത്തിറക്കിയത്. ഇന്ത്യൻ പാസ്‌പോർട്ട് സർവീസിന്റെ ഔട്ട്‌സോഴ്‌സിങ്ങ് ഏജൻസി ബിഎൽഎസ് ഇന്റർനാഷണലാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്. വിവിധ തരത്തിലെ അഡ്രസ് മാറ്റങ്ങൾ അടങ്ങിയ ഡോക്യുമെന്റുകൾ ബിഎൽഎസ് വെബ്‌സൈറ്റിൽ അപേക്ഷകർ കൊടുക്കേണ്ടതാണ്.

അപേക്ഷകന്റെ ഇന്ത്യയിലെയോ യുഎഇയിലേയോ മാതാപിതാക്കളുടെ അഡ്രസ് തന്നെയാണോ നിങ്ങൾ നിങ്ങളുടെ പാസ്‌പോർട്ടിൽ നിന്ന് മാറ്റേണ്ടതെന്ന് വ്യക്തമാക്കണം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പാസ്‌പോർട്ട് അഡ്രസ് മാറ്റണമെങ്കിലും അപേക്ഷിക്കാം. പേരന്റ്‌സിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ പേരന്റ്‌സിന്റെ പാസ്‌പോർട്ടിന്റെ പകർപ്പും ഹാജരാക്കണം. അഡൽട്ട് പാസസ്‌പോർട്ട് അഡ്രസ് മാറ്റത്തിന് 337 ദിർവും പ്രായ പൂർത്തിയാകാത്തവർക്ക് 242 ദിർവുമാണ് ചാർജ്.

ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകളുടെ പ്രോസസിങ്ങ് സമയം കഴിഞ്ഞാൽ പുതുക്കിയ പാസ്‌പോർട്ട് ലഭ്യമാകും. ദുബായ് ഇഷ്യൂ ചെയ്യുന്ന പാസ്‌പോർട്ട് ലഭിക്കാൻ കുറഞ്ഞ 15 പ്രവൃത്തി ദിവസമെടുക്കും. വേറെ എവിടെ നിന്നെങ്കിലുമാണ് പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതെങ്കിൽ കുറഞ്ഞത് 60 ദിവസമെടുക്കും. ടെക്‌നിക്കൽ പ്രശ്‌നം നിലനിൽക്കുന്നതിനാൽ കുറച്ച് കാലത്തേക്കാണ് ഈ കാലതാമസം.

കൈകൊണ്ട് എഴുതിയ പാസ്‌പോർട്ടുകൾ നവംബർ 24 നു മുമ്പ് മെഷീൻ റീഡബിളാക്കേണ്ടതാണ്. അല്ലാത്തപക്ഷം യാത്രാനിരോധനം ഉണ്ടാകും. ഇന്റർനാഷണൽ സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം നോൺ മെഷീൻ റീഡബിൾ പാസ്‌പോർട്ട് സ്വീകരിക്കില്ല.