മെൽബൺ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓസ്‌ട്രേലിയൻ എംപ്ലോയർമാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്. സ്വന്തം സ്ഥാപനങ്ങളിൽ വിദേശ തൊഴിലാളികളെ സ്‌പോൺസർ ചെയ്ത് റിക്രൂട്ട് ചെയ്യുന്ന എല്ലാ അക്രെഡിറ്റഡ് കമ്പനി ഉടമകൾക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ (ഡിഐബിപി) എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാണെങ്കിലും ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെടുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നുള്ളത് നിർബന്ധമാക്കി. അതേസമയം വിസാ ആപ്ലിക്കേഷൻ പ്രോസസ് സമയത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ ഒന്നു മുതലാണ് പുതിയ മാർഗനിർദേശങ്ങൾ നടപ്പിൽ വരുത്തുക. കമ്പനികൾക്ക് അക്രെഡിറ്റഡ് സ്‌പോൺസർഷിപ്പ് പദവി നിലനിൽത്തണമെങ്കിൽ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചിരിക്കണമെന്നാണ് നിബന്ധന. കഴിഞ്ഞ മൂന്നു വർഷവും നാലു മില്യൺ ഡോളർ വിറ്റുവരവുണ്ടായിരിക്കണമെന്നും മൂന്നു വർഷത്തോളമായി 457 വിസായ്ക്കു കീഴിൽ വിദേശ തൊഴിലാളികളെ സ്‌പോൺസർ ചെയ്തിട്ടുള്ള കമ്പനിയായിരിക്കണമെന്നുള്ളതാണ് ആദ്യ നിബന്ധനകൾ. കഴിഞ്ഞ 24 മാസത്തിൽ എംപ്ലോയർ കുറഞ്ഞത് പത്തു പേരെയെങ്കിലും സ്‌പോൺസർ ചെയ്തിരിക്കണം. 457 വിസാ ക്ലാസുകളിൽ ഉള്ള വിസാ നിരാകരിക്കൽ മൂന്നു ശതമാനത്തിൽ താഴെയായിരിക്കണം. കൂടാതെ കുറഞ്ഞത് 75 ശതമാനം തൊഴിലാളികൾ ഓസ്‌ട്രേലിയയിൽ നിന്നു തന്നെ ഉള്ള ബിസിനസ് സംരംഭങ്ങളായിരിക്കുകയും വേണം.

457 വിസാ ഹോൾഡർമാരുണ്ടെങ്കിൽ അവരെ നാഷണൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡിനു കീഴിലുള്ള കോൺട്രാക്ട് എഗ്രിമെന്റ് അനുസരിച്ചു വേണം നിയമിക്കേണ്ടത്. അവർക്ക് നൽകുന്ന ശമ്പളം ബിസിനസിന്റെ നിലവിലുള്ള ശമ്പള ഘടനയുമായി യോജിപ്പു പോകുന്ന തരത്തിലുള്ളതാകുകയും വേണം. ബിസിനസിന്റെ എല്ലാ വശങ്ങളെ കുറിച്ചും എംപ്ലോയർ സമഗ്രമായ വിവരങ്ങൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറുകയും വേണമെന്നുള്ളതാണ് ഏറ്റവുമൊടുവിലത്തെ നിബന്ധന.