ന്യൂഡൽഹി:ഭക്ഷണം എത്തിക്കാൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കു ഡ്രോണുകൾ ഉപയോഗിക്കുന്നതു കേന്ദ്ര വ്യോമയാന മന്ത്രാലയം വിലക്കി. ഇതുസംബന്ധിച്ച പുതിയ നയം അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം റൂൾസ് 2020 വിജ്ഞാപനം ചെയ്തു.ഡ്രോണുകൾ ഉപയോഗിച്ചു സാധനങ്ങൾ കൈമാറാനോ കൊണ്ടിടാനോ അനുവാദമില്ല. ഇവ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങളെക്കുറിച്ചും നിർദേശങ്ങളുണ്ട്.

നാനോ ഡ്രോണുകൾക്കു മുകളിലുള്ള എല്ലാ കുഞ്ഞൻ പറക്കൽ യന്ത്രങ്ങളും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നൽകുന്ന പെർമിറ്റും തിരിച്ചറിയൽ നമ്പറും എടുക്കണം. 400 അടി ഉയരത്തിൽ മാത്രമേ പറത്താൻ പാടുള്ളൂ. രാത്രിയിൽ ഉപയോഗിക്കരുത്. 5 വർഷത്തേക്കാണ് പെർമിറ്റ്.

നിർദേശങ്ങൾ ഇങ്ങനെ:

250 ഗ്രാം ഭാരമുള്ള നാനോഡ്രോണുകൾ മുതൽ 150 കിലോ വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണു നിയന്ത്രണം.

നാനോ ഡ്രോണുകൾക്ക് റജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ അനുമതിയില്ല.

ഓടുന്ന വാഹനം, കപ്പൽ, വിമാനം എന്നിവയിൽ ഘടിപ്പിച്ച ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ അനുവാദമില്ല.

ഡ്രോൺ പ്രവർത്തനം നിയന്ത്രിക്കാൻ അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം

ഗവേഷണപഠന ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഡ്രോണുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.