- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിചിത്ര കത്തുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ; ടീച്ചർമാർ ഇനി മുതൽ ബസ് സ്റ്റോപ്പിൽ; കുട്ടികൾ ബസ് സ്റ്റോപ്പിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക ലക്ഷ്യം; ശേഷം ബസിൽ കുത്തി നിറച്ച് കൊണ്ട് പോകാം; സ്കൂളുകളിലെ കോവിഡ് വ്യാപനം തടയാൻ പുറത്തിറക്കിയ മാർഗരേഖ കോമഡിയാകുന്നത് ഇങ്ങനെ; വിദ്യാഭ്യാസ വകുപ്പിന്റെ വക പുതിയ വൈരുദ്ധ്യാത്മക ഭൗതീക വാദം
തിരുവനന്തപുരം: എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ തങ്ങൾക്ക് പോലും ബോധ്യമില്ലാത്ത നിലയിലാണ് പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ സിപിഎം നേതാക്കൾ പെരുമാറുന്നത്. സംസ്ഥാനത്തെ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും പല പ്രസ്താവനകളും ട്രോളന്മാർക്ക് ചാകരയാകുകയാണ്. അത്തരത്തിൽ ഒരു തലതിരിഞ്ഞ ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഇനിമുതൽ അദ്ധ്യാപകർക്ക് ബസ് സ്റ്റോപ്പിലും ഡ്യൂട്ടിയുണ്ടാകും. ബസ് സ്റ്റോപ്പുകളിൽ കുട്ടികൾ കൂട്ടം കൂടി കോവിഡ് വരുത്തി വെക്കാതിരിക്കാൻ ആവശ്യമെങ്കിൽ അദ്ധ്യാപകരെ ബസ് സ്റ്റോപ്പുകളിൽ ഡ്യൂട്ടിക്കിടണമെന്നാണ് പ്രഥമാധ്യാപകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്കൂളിനോട് ചേർന്ന ബസ് സ്റ്റോപ്പുകളിൽ കുട്ടികൾ കൂട്ടം കൂടാതിരിക്കാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. പ്രിൻസിപ്പൽമാർ/ പ്രഥമാധ്യാപകർ ആവശ്യമെങ്കിൽ ഓരോ അദ്ധ്യാപകരെ ഇതിനായി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടതാണ്- ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, ക്ലാസ് മുറികളിലും സ്കൂൾ കോമ്പൗണ്ടിലും ബസിനുള്ളിലും മറ്റും കുട്ടികൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കാനാകാത്ത അദ്ധ്യാപകർക്ക് ബസ് സ്റ്റോപ്പിൽ മാത്രം എങ്ങനെ കുട്ടികളെ സാമൂഹിക അകലം പാലിച്ച് നിർത്താനാകും എന്ന ചോദ്യം ഉയർന്ന് കഴിഞ്ഞു. അദ്ധ്യാപകരുടെ ഇടയിലും ഈ ഉത്തരവ് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഭരണപക്ഷ സംഘടനകളിലെ അദ്ധ്യാപകർ പോലും ഇതിനെ വിമർശിക്കുന്നു. ബസിനുള്ളിൽ എവിടെയാണ് സാമൂഹിക അകലം എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. ബസ് സ്റ്റോപ്പിൽ വ്യാപനം നടത്തുന്ന കൊറോണക്ക് ബസിനുള്ളിൽ വ്യാപനം നടത്താൻ പേടിയാണോ എന്നും ഇവർ ചോദിക്കുന്നു.
ബസിൽ കുത്തി നിറച്ചാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ഇപ്പോഴത്തെ യാത്ര. അതേസമയം, സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പിൽ സാമൂഹിക അകലം പാലിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനമെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ വക പുതിയ വൈരുദ്ധ്യാമക ഭൗതീക വാദമാണ് ഇതെന്നാണ് വിമർശകർ കളിയായും കാര്യമായും പറയുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശ പുറപ്പെടുവിച്ചത്. അതാണ് ഇപ്പോൽ കോമഡിയായി മാറിയിരിക്കുന്നത്. കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്ന് നേരത്തേ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിരുന്നു. അദ്ധ്യാപകർ ഇക്കാര്യം നിരീക്ഷിക്കണം. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചിൽ ഒരു കുട്ടിയെന്ന നിർദ്ദേശം പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലും കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. പെരുമ്പടപ്പ് വന്നേരി ഹൈസ്കൂളിലും മാറഞ്ചേരി മുക്കാല ഹയർ സെക്കണ്ടറി സ്കൂളിലുമായി നടത്തിയ പരിശോധനയിൽ അദ്ധ്യാപകരിലും വിദ്യാർത്ഥികളും അടക്കം 256 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗനിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ