കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ വരുത്തിയിരിക്കുന്ന പുതിയ ചികിത്സാ ഫീസ് വർധന ഒക്ടോബർ ഒന്നിനു തന്നെ പ്രാബല്യത്തിൽ വരുത്തുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം സർക്കാർ ആശുപത്രികൾ, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ തുടങ്ങിയവയ്ക്ക് സർക്കുലർ അയച്ചിട്ടുണ്ട്.

പുതിയ ഫീസ് വർധനയനുസരിച്ച് വിദേശികൾക്ക് ഡോക്ടറെ കൺസൾ്ട്ട് ചെയ്യണമെങ്കിൽ രണ്ടു ദിനാർ നൽകണം. ആശുപത്രികളിലെ എമർജൻസി വാർഡുകളിൽ അഞ്ചു ദിനാർ നൽകിയാലേ പ്രവേശനം സാധ്യമാകൂ. കൂടാതെ ഒപി വിഭാഗത്തിൽ പത്തു ദിനാർ ആണ് ഫീസ്. മുമ്പ് രണ്ടു ദിനാർ ആയിരുന്നതാണ് ഇപ്പോൾ പത്തു ദിനാർ ആയി വർധിപ്പി്ച്ചിരിക്കുന്നത്. പ്രവേശന ഫീസുകൾക്കു പുറമേ മറ്റു സേവനങ്ങൾക്കുള്ള ഫീസിലും വർധന ഉണ്ടായിട്ടുണ്ട്.

പ്രവാസികളുടെ ചികിത്സാ ഫീസ് വർധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നേരത്തെ വന്നിരുന്നതാണെങ്കിലും ഇതിൽ പുനഃപരിശോധന ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും. എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് ഒക്ടോബർ ഒന്നിനു തന്നെ ഫീസ് വർധന നടപ്പിൽ വരുത്തണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.