ദോഹ: രാജ്യത്ത് പുതിയ ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് പുതിയ നിയമനിർമ്മാണം പൂർത്തിയാക്കിയതായി മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇതുസംബന്ധിച്ച പുതിയ നിയമം കാബിനറ്റിന്റെ അനുമതിക്കായി ഈ മാസം സമർപ്പിക്കുമെന്നും പുതിയ ഇൻഷ്വറൻസ് സംവിധാനത്തിന്റെ ആദ്യഘട്ടം അടുത്ത വർഷം മുതൽ നടപ്പാകുമെന്നും മിനിസ്ട്രി വ്യക്തമാക്കി.

നിലവിള്ള നാഷണൽ ഹെൽത്ത് ഇൻഷ്വറൻസ് ആയ സേഹയ്ക്കു പകരമായിരിക്കും പുതിയ ഹെൽത്ത് ഇൻഷ്വറൻസ്. സേഹ കഴിഞ്ഞ വർഷം ഡിസംബർ 31 ന് നിർത്തിയിരുന്നു. ഹെൽത്ത് കവർ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾക്ക് കൈമാറണമെന്നുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് നാഷണൽ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി (NHIC)യുടെ സേവനവും അവസാനിപ്പിച്ചിരുന്നു.

വളരെ മികവുറ്റവും പ്രൊഫഷണൽ രീതിയുലും സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ഹെൽത്ത് കവർ ലഭ്യമാക്കുമെന്ന് മിനിസ്ട്രി പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ ഹെൽത്ത് ഇൻഷ്വറൻസ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ കാബിനറ്റ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നൽകുന്ന ഹെൽത്ത് സർവീസ് പായ്‌ക്കേജ്, ഫിനാൻഷ്യൽ ലിമിറ്റ്, ഇൻസ്റ്റാൾമെന്റുകൾ, പോളിസിയുടെ മെച്ചങ്ങൾ തുടങ്ങിയ കമ്മിറ്റി വിലയിരുത്തും.