ഡബ്ലിൻ: ആദ്യമായി വീടുവാങ്ങുന്നവർക്കുള്ള സർക്കാർ സഹായം ധനമന്ത്രി മൈക്കിൾ നൂനൻ പ്രഖ്യാപിച്ചു. ആദ്യമായി വീടുവാങ്ങുന്ന ഓരോ ദമ്പതികൾക്കും 10,000 യൂറോ എന്ന കണക്കിനാണ് സർക്കാർ സഹായം നൽകുക. പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കുന്ന ഒക്ടോബറിലെ ബജറ്റിലാണെങ്കിലും അതിന് മുൻകാലപ്രാബല്യം കൂടി നൽകുമെന്നും മന്ത്രി സൂചിപ്പിച്ചുണ്ട്.

ആദ്യമായി വീടുവാങ്ങുന്നവർക്ക് ധനസഹായത്തിനൊപ്പം കൂടുതൽ സ്റ്റാർട്ടർ ഹോമുകളുടെ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. ആദ്യം പ്രഖ്യാപിച്ചിരുന്നതിനെക്കാൾ വിപുലമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

2021 ആകുമ്പോഴേയ്ക്കു പ്രതിവർഷം നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണം 25,000 ആക്കാനാണ് ഉദ്ദേശം. കൂടാതെ ഇതേ കാലയളവിൽ തന്നെ 47,000 സോഷ്യൽ ഹൗസിങ് യൂണിറ്റുകളും നിർമ്മിച്ചു നൽകാൻ പദ്ധതിയിടുന്നുണ്ട്. നേരത്തെ സോഷ്യൽ ഹൗസിംഗിന് 3.7 ബില്യൺ യൂറോയായിരുന്നു നീക്കിവച്ചിരുന്നത്. അത് 5.35 ബില്യൺ യൂറോയായി വർധിപ്പിക്കുകയായിരുന്നു.

ആദ്യമായി വീടുവാങ്ങുന്നവർക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം തന്നെ ഡെവലപ്പേഴ്‌സിനും കൂടുതൽ പ്രോത്സാഹനം നൽകും. വിപണിയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലായിരിക്കും ഡെവലപ്പേഴ്‌സിനും ഇൻസെന്റീവുകൾ നൽകുകയെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.