ഡബ്ലിൻ: ക്രെഡിറ്റ് കാർഡ് പോലെയുള്ള പുതിയ പാസ്‌പോർട്ട് കാർഡുകൾ ഇന്നു മുതൽ ലഭ്യമാകും. ഐറീഷ് സിറ്റിസൺഷിപ്പുള്ള ആർക്കും പാസ്‌പോർട്ട് കൂടാതെ ഈ കാർഡ് ഉപയോഗിച്ച് യൂറോപ്യൻ യൂണിയനിൽ എവിടെ വേണെങ്കിലും സഞ്ചരിക്കാം എന്ന പ്രത്യേകതയും ഉണ്ട്.

ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷിച്ചാൽ പുതിയ പാസ്‌പോർട്ട് കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. dfa.ie/passportcard എന്നതാണ് ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വെബ് അഡ്രസ്. പാസ്‌പോർട്ടുള്ള 18 വയസിനു മുകളിലുള്ള ഐറീഷ് പൗരന്മാർക്ക് ഈ കാർഡിനായി അപേക്ഷ നൽകാം. പരമാവധി അഞ്ചു വർഷമാണ് കാർഡിന്റെ കാലാവധി.

35 യൂറോയാണ് പാസ്‌പോർട്ട് കാർഡിനായി അപേക്ഷിക്കുന്നതിനുള്ള ചെലവ്. ട്രാൻസാക്ഷൻ ചെലവിനായി കുറച്ചു കൂടി തുക നൽകേണ്ടിയും വരും. വളരെ ലളിതമായി അപേക്ഷിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൊബൈൽ ആപ്പ് വഴി അപേക്ഷിക്കുമ്പോൾ സെൽഫി ഫോട്ടോ എടുത്തു പോലും അപേക്ഷ സമർപ്പിക്കാം. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ് സ്‌റ്റോർ എന്നിവയിലൂടെയെല്ലാം സൗജന്യമായി പാസ്‌പോർട്ട് കാർഡിനുള്ള ആപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാം.

യൂറോപ്പിലാകമാനമുള്ള 30 രാജ്യങ്ങളിലേക്കും അവധിക്കാല ആഘോഷത്തിനും ബിസിനസ് ട്രിപ്പുകൾക്കും പോകുന്നവർക്ക് യഥേഷ്ടം യാത്ര ചെയ്യാൻ ഉതകുന്ന തരത്തിലാണ് പാസ്‌പോർട്ട് കാർഡ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വിദേശ കാര്യമന്ത്രി ചാർളി ഫ്‌ലാനഗൻ വ്യക്തമാക്കി. ജൂലൈയിൽ പ്രാബല്യത്തിലാക്കാൻ നിശ്ചയിച്ചിരുന്ന കാർഡ് സാങ്കേതിക കാരണങ്ങളാൽ താമസിക്കുകയായിരുന്നു.

ഐഡി പ്രൂഫായും വിസാ ആപ്ലിക്കേഷൻ നടപടികൾക്കും ഈ പാസ്‌പോർട്ട് കാർഡ് ഉപയോഗിക്കുകയും ചെയ്യാം. പഴ്‌സിനുള്ളിൽ സൂക്ഷിക്കാമെന്നതിനാൽ പാസ്‌പോർട്ട് നഷ്ടമാകുന്ന സംഭവങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.