- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ് വരും; പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ എ ഗ്രൂപ്പിന് അധ്യക്ഷപദവി വിട്ടു നൽകാൻ ഐ ഗ്രൂപ്പ്; തീരുമാനം രാത്രിയുടെ മറവിൽ നടന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ; സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി തന്നെ പ്രസിഡന്റായേക്കും
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാൻ കോൺഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനം. പ്രസഡിന്റ് തിരഞ്ഞെടുപ്പിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും സമവായത്തിലാകും നടത്തുക. ഇന്നലെ രാത്രി ചേർന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ തീരുമാനിക്കുകയും ഒക്ടോബർ ആദ്യ വാരത്തിൽ തന്നെ കെപിസിസി പ്രസിഡന്റടക്കമുള്ളവരേയും തിരഞ്ഞെടുക്കാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ഇക്കാര്യത്തിൽ വീണ്ടും തർക്കം വരികയാണെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് നീളാനാണ് സാധ്യത. അതേസമയം ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൽ വീതിവെക്കുന്ന നടപടിക്കെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം ഉയരുന്നു
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാൻ കോൺഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനം. പ്രസഡിന്റ് തിരഞ്ഞെടുപ്പിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും സമവായത്തിലാകും നടത്തുക. ഇന്നലെ രാത്രി ചേർന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികൾ ചർച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളിൽ നിന്നുള്ള കെപിസിസി ഭാരവാഹികൾ തീരുമാനിക്കുകയും ഒക്ടോബർ ആദ്യ വാരത്തിൽ തന്നെ കെപിസിസി പ്രസിഡന്റടക്കമുള്ളവരേയും തിരഞ്ഞെടുക്കാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ഇക്കാര്യത്തിൽ വീണ്ടും തർക്കം വരികയാണെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് നീളാനാണ് സാധ്യത.
അതേസമയം ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൽ വീതിവെക്കുന്ന നടപടിക്കെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷം ഉയരുന്നുണ്ട്. വി എം സുധീരൻ അടക്കമുള്ളവർ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. അതേസമയം എം എം ഹസന് പകരം കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ തന്നെ നിയമിക്കാനാണ് സാധ്യത. സ്ഥാനമാനങ്ങൾ ഏറ്റെടുക്കാൻ താനില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചെങ്കിലും തൽക്കാലത്തേക്കെങ്കിലും ഉമ്മൻ ചാണ്ടി അധ്യക്ഷ പദവി ഏറ്റെടുത്തേക്കും.
ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിലും നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിലും പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നത് ചർച്ചയാകും. രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എം അസീസാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അസീസിന് പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ മദ്യനയം അടക്കമുള്ള വിഷയങ്ങളിൽ സമരപരിപാടികൾക്ക് ഇന്നും നാളെയും നടക്കുന്ന യോഗങ്ങളിൽ രൂപം നൽകുകയും ചെയ്യും.
സോണിയ ഗാന്ധിക്കു പകരം രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷനാകുന്നതിനൊപ്പം സംസ്ഥാനങ്ങളിൽ പുനഃസംഘടനയോ തെരഞ്ഞെടുപ്പോ നടക്കേണ്ടതുണ്ട്. കോൺഗ്രസിന്റെ ജനകീയ അടിത്തറ വികസിപ്പിക്കാൻ വേണ്ടി കഴിവുള്ള നേതാക്കളെയാണ് രാഹുൽ തേടുന്നത്. കേരളത്തിൽ പരീക്ഷണങ്ങൾക്ക് നിൽക്കാതെ ഉമ്മൻ ചാണ്ടിയെ തന്നെ പാർട്ടി പദവി ഏൽപ്പിക്കാനാണ് തീരുമാനം. അടുത്തമാസം രാഹുൽ കേരളം സന്ദർശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഉമ്മൻ ചാണ്ടിയെ അധ്യക്ഷനാക്കാനുള്ള കരുക്കളാണ് എ ഗ്രൂപ്പുകാർ നടത്തുന്നത്. എ ഗ്രൂപ്പിന് കൂടുതൽ കരുത്തോടെ പ്രവർത്തിക്കണമെങ്കിലും സ്ഥാനം വേണമെന്ന വിലയിരുത്തലാണുള്ളത്.
ഡിസംബറിൽ ഈ പ്രക്രിയ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണം. ഇനിയൊരു അവധി കമീഷൻ കൊടുക്കാനിടയില്ല. കേരളത്തിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ സമവായത്തിലൂടെ ഉമ്മൻ ചാണ്ടി പ്രസിഡന്റാക്കാനാണ് സാധ്യത. രമേശ് ചെന്നിത്തലക്കെതിരെ ഇതിനകം ഉയർത്തിയ നേതൃമാറ്റ ആവശ്യം ഇതിനായുള്ള സമർദ്ദ തന്ത്രമാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കരുണാകരനും ആന്റണിക്കുമെതിരെ ഇതേ തന്ത്രമാണ് മുൻപ് എ ഗ്രൂപ് വിജയകരമായി പയറ്റിയത്. കരുണാകരനെ മാറ്റി ആന്റണിയേയും, ആന്റണിയെ മാറ്റി ഉമ്മൻ ചാണ്ടിയേയും മുഖ്യമന്ത്രിയാക്കി.
എന്നാൽ, ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിൽനിന്നു മാറ്റി പകരം ഉമ്മൻ ചാണ്ടിയെ കൊണ്ടുവരാൻ തൽക്കാലം ഹൈകമാൻഡ് തയാറല്ല. പ്രത്യേകിച്ച്, ബിജെപിയിൽനിന്നു പാർട്ടി വെല്ലുവിളി നേരിടുമ്പോൾ. അതേക്കുറിച്ചു എ ഗ്രൂപിനു കൃത്യമായ ധാരണയുണ്ട്. എന്നാൽ, ചെന്നിത്തലയെ മാറ്റണമെന്നത് ശക്തമായി ഉന്നയിച്ചു പാർട്ടിയിലും മുന്നണിയിലും സജീവ ചർച്ചയാക്കുമ്പോൾ അവഗണിക്കാൻ ഹൈക്കമാൻഡിനു കഴിയില്ല. അങ്ങിനെ വരുമ്പോൾ ഉമ്മൻ ചാണ്ടിക്ക് മാന്യമായ പദവി നൽകി അനുരഞ്ജനത്തിനു ദേശിയ നേതൃത്വം നിർബന്ധിതമാകും. ഐ ഗ്രൂപിന്റെ താൽപര്യത്തോടെയും ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെയും പ്രസിഡന്റാകാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപര്യം. അവിടേക്കു കാര്യങ്ങൾ എത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് എ ഗ്രൂപ്.