മസ്‌കറ്റ് : ഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ പ്രാബല്ല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. തൻഫീദ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നിയമം പരിഷ്‌കരിക്കുന്നത്. പുതിയ നിയമത്തിന്റെ രൂപകൽപ്പന പൂർത്തിയായി കഴിഞ്ഞതിനാൽ നിയമം ഉടൻ പ്രാബല്ല്യത്തിൽ വരുത്താൻ സാധിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അഭിപ്രായപ്പെട്ടു.

പരിഷ്‌കരിക്കേണ്ടതും പുതിയതായി ഉൾപ്പെടുത്തേണ്ടതുമായ തൊഴിൽ നിയമങ്ങളെ കുറിച്ച് റോയൽ ഒമാൻ പൊലീസും മാനവവിഭവ ശേഷി മന്ത്രാലയവും പരിശോധന നടത്തിയാണ് പുതിയ തൊഴിൽ നിയമം നടപ്പിലാക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ നിയമ വിദഗ്ദ്ധർ അടങ്ങിയ പ്രത്യേക സമിതിയാണ് പുതിയ നിയമങ്ങൾക്ക് അന്തിമ രൂപം നൽകിയിരിക്കുന്നത്.

എണ്ണ, പ്രകൃതി വാതക മേഖലക്ക് പുറത്ത് നിന്നും സർക്കാറിന് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കുകയാണ് തൻഫീദ് പഠനത്തിൽ ലക്ഷ്യമാക്കിയത്. രാജ്യത്തെ തൊഴിലന്വേഷകർക്ക്, പുതിയ തൊഴിൽ നിയമം കൂടുതൽ അവസരങ്ങൾ ഉണ്ടാക്കും.

എണ്ണയിതര മേഖലയിൽ നിന്നുള്ള വരുമാനം കണ്ടെത്തുന്നതിന് കഴിഞ്ഞ വർഷം വിവിധ വകുപ്പുകൾക്ക് കീഴിൽ പരിശോധനകൾ നടത്തിയിരുന്നു. തൊഴിൽ മേഖലയിൽ പരിഷ്‌കരണം കൊണ്ടുവന്ന് രാജ്യത്തിന്റെ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് ഇതിലൂടെ കണ്ടെത്തിയിരുന്നു. റോയൽ ഒമാൻ പൊലീസിന്റെയും മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെയും കീഴിൽ തുടർച്ചയായ ചർച്ചക ൾക്കും യോഗങ്ങൾക്കും ശേഷമാണ് നിയമ പരിഷ്‌കരണം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.