മനാമ: എച്ച്‌ഐവി രോഗം പടരുന്നത് തടയാൻ ശക്തമായി നടപടികളുമായി ശൂറ കൗൺസിൽ. എച്ച്‌ഐവി വൈറസുകളെ മനപ്പൂർവ്വം പടർത്തുന്നവർക്ക് 10 വർഷം തടവും 10,000 ദിനാർ പിഴയും നൽകാനുള്ള നയമത്തിനാണ് ശൂഖ കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നത്. മനപ്പൂർവ്വമല്ലെങ്കിൽ ഒരു വർഷം തടവും 20,000 ദിനാർ പിഴയുമാണ് ശിക്ഷ. കൂടാതെ എച്ച്‌ഐവിക്ക് തടയിടാൻ ശക്തമായി നടപടികളും കൗൺസിൽ സ്വീകരിച്ചിട്ടുണ്ട്.

എച്ച്.ഐ.വി ബാധിതരോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിച്ചാൽ ആറുമാസം തടവും 500 ദിനാർ വരെ പിഴയും ലഭിക്കും. ഇവർക്ക് നൽകുന്ന ചികിത്സയിൽ പിഴവുണ്ടായാൽ 5000 ദിനാർ വരെയായിരിക്കും പിഴ ഈടാക്കുക. കൂടാതെ വിവാഹിതരാകാൻ പോകുന്നവർ, രാജ്യത്ത് ജോലിക്കെത്തുന്ന അന്യ രാജ്യക്കാർ, മയക്കുമരുന്ന്, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്ക്ക് അറസ്റ്റിലാകുന്നവർ എന്നിവർക്ക് പരിശോധന കർശനമാക്കുന്നതിനൊപ്പം രക്തദാതാക്കൾ, തടവുകാർ, സലൂണുകളിലെ പുതിയ ജീവനക്കാർ തുടങ്ങിയവർക്ക് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കുകയും ചെയ്യും.

സലൂണുകളിലെ ഉപകരണങ്ങളിലൂടെ രോഗം പകരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉപകരണങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പിഴവിലൂടെയാണ് രോഗം പടരുന്നതെങ്കിൽ സ്ഥാപനത്തിന്റെ ഉടമയാകും ഉത്തരവാദി. എച്ച്.ഐ.വി ബാധ കണ്ടെത്തുന്നതിൽ ഡോക്ടർമാർ പരാജയുപ്പെടുകയാണെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. രോഗമില്ലാത്തയാൾക്ക് രോഗം ഉണ്ടെന്ന റിപ്പോർട്ട് നൽകിയാലും ക്രിമിനൽ കേസെടുക്കും. അടച്ചിട്ട കോടതി മുറികളിലായിരിക്കും കുറ്റവാളികളുടെ വിചാരണ നടക്കുക. എന്നാൽ വിധി പ്രസ്താവം പൊതു കോടതിയിലുമായിരിക്കും നടക്കുക. എച്ച്.ഐ.വി ബാധിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നിയമങ്ങൾ നടപ്പാക്കാൻ ശൂറ കൗൺസിൽ തീരുമാനിച്ചത്.