ദോഹ: ചെറിയ കുട്ടികൾ ഉള്ള വാഹനത്തിൽ പുകവലിക്കുന്നവർക്ക് 3000 റിയാൽ പിഴയടക്കം നിയമലംഘകർക്ക് കർശന നടപടി ഉറപ്പാക്കി ഖത്തറിലെ പുകയില നിയന്ത്രണം ശക്തമാക്കാൻ നടപടികളാരംഭിച്ചു. 18 വയസിന് താഴെയുള്ളവർ കാറിലുണ്ടെങ്കിൽ പുകവലി പാടില്ലെന്നാണ് നിയമം.

ഖത്തറിലെ യുവജനങ്ങൾക്കിടയിൽ പുകവലിനിരുൽസാഹപ്പെടുത്തുന്നതിനുള്ള
നിരവധി വകുപ്പുകൾ അടങ്ങിയതാണ് പുതിയ നിയമം. ഇതു പ്രകാരം 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സിഗരറ്റ് വിൽക്കുന്ന കടകൾ ലക്ഷം റിയാൽ പിഴ അടക്കണം.

വിൽപ്പനക്കാരന് തടവ് ശിക്ഷയും ലഭിക്കും. നേരത്തേ വിൽപ്പനക്കാരന് പിഴ മാത്രമായിരുന്നു ഇക്കാര്യത്തിലുള്ള ശിക്ഷ. സ്‌കൂളിന്റെ 500 മീറ്റർ പരിധിയിൽ പുകയില ഉൽപന്നങ്ങൾ പാടില്ലെന്ന പഴയ നിയമം പരിഷ്‌കരിച്ച് പരിധി 1000 മീറ്ററാക്കി ഉയർത്തിയിട്ടുണ്ട്.മാളുകൾ, കോഫി ഷോപ്പുകൾ തുടങ്ങിയ മറച്ചുകെട്ടപ്പെട്ട പൊതുസ്ഥലങ്ങളിൽ പുകവലിക്കു ന്നവർക്കുള്ള പിഴ 500 റിയാലിൽ നിന്ന് 3000 റിയാലാക്കി വർധിപ്പിച്ചു.

പുകവലി നിരുൽസാഹപ്പെടുത്തുന്നതിനുള്ള മറ്റ് നിരവധി നടപടികളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങളിൽ നിന്ന് ലഭിക്കുന്ന നികുതിയിൽ അഞ്ച് ശതമാനം ഓരോ വർഷവും പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന പുകയില വിരുദ്ധ കാംപയ്നു വേണ്ടി ഉപയോഗിക്കാനുള്ള നിർദ്ദേശം ഇതിൽപ്പെടുന്നു. സുവൈക്കയും ചവയ്ക്കുന്ന മറ്റെല്ലാ പുകയിലകളും പൂർണമായി നിരോധിച്ചു. ഇലക്ട്രോണിക് സിഗരറ്റുകളുടെ വിൽപ്പന 2013ൽ തന്നെ നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനം മൂന്ന് മാസത്തേക്ക്
അടപ്പിക്കുക, കുറ്റം ചെയ്ത സ്ഥാപനത്തിന്റെ വിവരങ്ങൾ അവരുടെ ചെലവിൽ ചുരുങ്ങിയത് രണ്ട് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ശുപാർശകളും പുതിയ നിയമത്തിൽ പറയുന്നുണ്ട്.

പുകയില ഉൽപന്നങ്ങളും അതിന്റെ അനുബന്ധങ്ങളും നിയന്ത്രിക്കുന്നതിനുള്ള 2002ലെ 20ാം നമ്പർ നിയമം പരിഷ്‌കരിച്ചാണ് നിയമംതയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമം എപ്പോഴാണ് നടപ്പാക്കിത്തുടങ്ങുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.