ദോഹ: വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴചുമത്താൻ വ്യവസ്ഥചെയ്യുന്ന നിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം. ശൂറാ കൗൺസിൽ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തിയ നിയമത്തിന്റെ കരടിനാണ് ഇന്നലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

വ്യക്തിഗത വിവരങ്ങൾ സ്വകാര്യമാക്കി വെക്കാൻ അവകാശം നൽകുന്നതാണ് നിയമം. വാണിജ്യ താത്പര്യാർഥം വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതും മുൻകൂടർ അനുമിതിയില്ലാതെ സന്ദേശമയക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതുമാണ് നിയമം. നിയമലംഘകർക്ക് കനത്ത ശിക്ഷയു നിയമം വ്യവസ്ഥ ചെയ്യുന്നു.

കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചു കോടതികൾക്കു പിഴത്തുക നിശ്ചയിക്കാൻ അനുവാദം നൽകുന്നതാണു പുതിയ നിയമം. എട്ട് അധ്യായങ്ങളിലായി 32 അനുച്ഛേദങ്ങളാണു നിയമത്തിലുള്ളത്. നിയമത്തിലെ പല വകുപ്പുകളും വളരെ കർശനമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചാൽ ഭവിഷ്യത്ത് ഇനി കനത്തതാവും. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാരസംബന്ധമായ ഇമെയിലുകളും എസ്എംഎസുകളും എംഎംഎസുകളും വോയിസ് മെസേജുകളും അയയ്ക്കുന്നതു കരടു നിയമം നിരോധിക്കുന്നു.