വൈദ്യുതി ക്ഷാമം ലോകത്തെല്ലായിടത്തും ഒരു തലവേദന തന്നെയാണ്. നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും. പക്ഷേ ഊർജ്ജ സംരക്ഷണ സംഭരണ രംഗത്ത് വേണ്ടത്ര മുന്നേറ്റം നടത്താനൊന്നും നാം തയാറല്ല. ഏതായാലും നമുക്ക് ആശ്വാസമാകുന്ന ഒരു കണ്ടു പിടുത്തം ബ്രിട്ടനിൽ നടന്നിരിക്കുന്നു. കറന്റ് പോയാലും മൂന്ന് മണിക്കൂർ വരെ പ്രകാശിക്കുന്ന എൽഇഡി ബൾബ് ആണത്. കറന്റ് പോകുന്നതോടെ താനെ ബാറ്ററി ചാർജിലേക്ക് മാറുകയും ഒന്നുമറിയാത്ത പോലെ കത്തിക്കൊണ്ടിരിക്കുകയും ചെയ്യുമിത്. ലിറ്റോണിക്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിറ്റി ഓൺ എന്ന പേരിൽ ഈ ബൾബ് നിർമ്മിച്ചത്. സാധാരണ ബൾബുകൽ പോലെ തന്നെ പ്രവർത്തിക്കുന്ന ഇത് കറന്റ് പോകുന്നതോടെ ഓട്ടോമാറ്റിക്കായി ബാറ്ററി മോദിലേക്ക് മാറും. മൂന്ന് മണിക്കൂർ വരെ മുടക്കമൊന്നുമില്ലാതെ പ്രകാശം ചൊരിയാൻ ഇതിനാകും.

ഇതിനായി അധിക വയറിംഗുകളോ മറ്റോ ആവശ്യമില്ല. സാധാരണ ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ തന്നെ ഇത് ഫിറ്റ് ചെയ്യാൻ സാധിക്കും. കുറഞ്ഞ ഊർജം മതി ഇതിന്. വെറും എട്ട് വാട്ട്‌സ് വൈദ്യുതി കൊണ്ട് സാധാരണ 60 വാട്ട്‌സ് ബൾബ് നൽകുന്ന പ്രകാശം ഇതു നൽകും. ഈ വർഷം അവസനാത്തോടെ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ഇതിന് എത്ര വില വരുമെന്നതിനെ കുറിച്ച് കമ്പനി ഒന്നും പറഞ്ഞിട്ടില്ല.