- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഫീസിലേക്ക് പോകാൻ ഓടിയെത്തിയ 'ലീഡർ' കണ്ടത് അന്ധാളിച്ചു നിൽക്കുന്ന സെക്യൂരിറ്റിക്കാരെ; ഡോറിൽ മുഖ്യമന്ത്രിയുടെ ഒറ്റ ചവിട്ട്; പിന്നെ ബട്ടൺ ഞെക്കിയപ്പോൾ ഡോർ ഓപ്പൺ; സെക്രട്ടറിയേറ്റിൽ നോർത്ത് ബ്ലോക്കിലെ ചരിത്രമുറങ്ങുന്ന പഴയ ലിഫ്റ്റ് മാറ്റി 34 ലക്ഷത്തിന് പുതിയ ലിഫ്റ്റ് നിർമ്മാണം
തിരുവനന്തപുരം: അന്ന് മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു. അതിവേഗതയിൽ നടന്നു വരുന്ന ലീഡർ കെ കരുണാകരനെ കണ്ടതും ഗ്രിൽ ഡോർ തുറന്നില്ല. മുഖ്യമന്ത്രി ലിഫ്റ്റിന് അടുത്തെത്തി. പകച്ചു നിന്ന ജീവനക്കാരോട് ലീഡർ കാര്യം തിരക്കി. ഡോർ തുറക്കുന്നില്ലെന്നായിരുന്നു മറുപടി. അത്രയേ ഉള്ളൂവോ എന്ന ചോദ്യവുമായി ലിഫ്റ്റ് വാതിലിൽ ചെറിയൊരു ചവിട്ട്. പിന്നീട് ലീഡർ തന്നെ ബട്ടൺ അമർത്തി. അത്ഭുതം പോലെ ഡോർ തുറന്നു. ഒന്നും സംഭവിക്കാതെ പോലെ ആ ലിഫ്റ്റിൽ മുഖ്യമന്ത്രി തന്റെ ഓഫീസിലേക്ക് പോയി. ഇതാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ ലിഫ്റ്റിനെ കുറിച്ച് പറയുന്ന ഒരു കഥ.
ഈ ലിഫ്റ്റിൽ തന്നെയാണ് ജീവനക്കാരും മുകളിലോട്ടും താഴേക്കും പോകുന്നത്. മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടിയും ഈ ലിഫ്റ്റിൽ ജീവനക്കാർക്കൊപ്പം യാത്ര ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായെത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ അറിയാത്ത ആരേയും കയറ്റിയില്ല. അതിന് വേണ്ടി ലിഫ്റ്റ് മുഖ്യമന്ത്രിയുടെ യാത്ര സമയത്ത് ആർക്കും കൊടുക്കാതെ ഒഴിച്ചിടും. അങ്ങനെ മുഖ്യമന്ത്രിയുടെ യാത്ര സുഗമമായി. ഈ ലിഫ്റ്റിന് പകരമായി പുതിയ ലിഫ്റ്റ് സെക്രട്ടറിയേറ്റിൽ എത്തുകയാണ്. നോർത്ത് ബ്ലോക്കിൽ ലിഫ്റ്റ് നിർമ്മാണത്തിന് ലക്ഷങ്ങൾ മാറ്റുകയാണ് സർക്കാർ. കടക്കെണിയിലൂടെ കേരളം നീങ്ങുമ്പോഴാണ് പുതിയ ലിഫ്റ്റ് നിർമ്മാണം.
കരുണാകരനും ഉമ്മൻ ചാണ്ടിയും അടക്കം സഞ്ചരിച്ചിരുന്ന ലിഫ്റ്റ് മാറ്റി പുതിയത് നിർമ്മിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഈ നിർമ്മാണക്കാലത്ത് മുഖ്യമന്ത്രിക്ക് നോർത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് പോകാൻ ലിഫ്റ്റ് സൗകര്യം ഉണ്ടാകില്ലേ എന്ന സംശയവും ഉയരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി മാത്രമായി പുതിയ ലിഫ്റ്റ് ഉണ്ടാക്കാനാകും ഉദ്ദേശമെന്ന സംശയവും ഉയരുന്നത്. ഏതായാലും കടക്കെണിയിൽ പോകുന്ന കേരളത്തിന് ലിഫ്റ്റ് വക ബാധ്യത മുപ്പത്തി നാല് ലക്ഷത്തി പതിനായിരം രൂപയാണ്. ഈ മാസം 23നാണ് ലിഫ്റ്റ് നിർമ്മാണത്തിനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
വിവാദങ്ങൾ ഉണ്ടാകുമെന്നതിനാൽ വളരെ കുറച്ച് വരികൾ മാത്രമേ ലിഫ്റ്റ് നിർമ്മാണ ഉത്തരവിലുള്ളൂ. ലിഫ്റ്റ് ആരാകും സ്ഥാപിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ അതിലില്ല. ടെൻഡറിലൂടെയാണോ നിർമ്മാതാക്കളെ കണ്ടെത്തുകയെന്നതും അതിലില്ല. പണം അനുവദിക്കുന്നത് മാത്രമാണുള്ളത്. ഏത് സാഹചര്യത്തിലാണ് മാറ്റുന്നതെന്നും അതിലില്ല. ഇതാണ് ഉത്തരവിനെ ദുരൂഹമാക്കുന്നത്. പൊതു ഭരണ വകുപ്പിന്റേതാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമാണ് നിർദ്ദേശം നൽകിയതെന്നും വ്യക്തം. നല്ല സൗകര്യമുള്ള ലിഫ്റ്റാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ എന്തിനാണ് മാറ്റുന്നതെന്ന ചോദ്യം സജീവമാണ്.
ഇപ്പോഴത്തെ ലിഫറ്റ് പൊളിച്ചാൽ മുഖ്യമന്ത്രിക്ക് മറ്റൊരു ലിഫ്റ്റിൽ മുകളിലേക്ക് പോകേണ്ടി വരും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള വാതിലിനോട് ചേർന്നാണ് ലിഫ്റ്റിന്റെ ഡോർ. അതുകൊണ്ട് അധികം നടക്കേണ്ടതില്ല. ഈ ലിഫ്റ്റ് പൊളിച്ച് പണിയുമ്പോൾ അത്രയും കാലം മറ്റൊരു ലിഫ്റ്റിൽ കയറി കുറച്ചു നടന്ന് മുഖ്യമന്ത്രി പോകേണ്ടി വരും. പുതിയ ലിഫ്റ്റ് വന്നാൽ അത് മന്ത്രിമാരുടേയും വിഐപികളുടേയും യാത്രയ്ക്കായി മാറ്റുമെന്ന സംശയവും സജീവമാണ്. ഇതിലൊന്നും ആരും വ്യക്തത നൽകുന്നില്ല.