കാലിഫോർണിയ: ഗൂഗിളിന്റെ മുഖം മാറി. ലോഗോയും ഐക്കണുമൊക്കെ പരിഷ്‌കരിച്ചാണ് ഇപ്പോൾ ഗൂഗിൾ പ്രത്യക്ഷപ്പെടുന്നത്.

ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിളിന്റെ ഹോം പേജിൽ ആനിമേഷൻ രൂപത്തിൽ പുതിയ ലോഗോ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലും പുതിയ ലോഗോ നിലവിൽ വന്നതിനെക്കുറിച്ചുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെ എത്തിയതിനു ശേഷമാണ് ഗൂഗിളിൽ പല പരിഷ്‌കാരങ്ങളും വരുത്തിയത്. അതിൽ ഒടുവിലത്തേതാണ് ലോഗോ പരിഷ്‌കാരം. ഗൂഗിളിന്റെ ഐക്കണിലും മാറ്റം വന്നിട്ടുണ്ട്.

1998ൽ ഗൂഗിൾ നിലവിൽ വന്നതിന് ശേഷം അഞ്ചാം തവണയാണ് ലോഗോ പരിഷ്‌കരിക്കുന്നത്. ഗൂഗിൾ സ്ഥാപിച്ചതു മുതൽ ലോഗോക്കു വന്ന മാറ്റങ്ങൾ വ്യക്തമാക്കുന്ന യൂട്യൂബ് വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് ലോഗോ മാറ്റത്തിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കിയിട്ടുണ്ട്.