മസ്‌ക്കറ്റ്: അമിത ടാക്‌സിച്ചാർജുകൾ നൽകി മടുത്തിരിക്കുന്നവർക്ക് ആശ്വാസമായി മർഹബ മീറ്റർ ടാക്‌സികൾ നിരത്തിലെത്തുന്നു. ആദ്യത്തെ അഞ്ചു കിലോമീറ്ററിന് 3.5 റിയാൽ നിരക്കിൽ ഇനി ടാക്‌സി യാത്ര തരപ്പെടും. ഇൻജെനുവിറ്റി ടെക്‌നോളജീസ് എൽഎൽസിക്ക് കീഴിലുള്ള മർഹബ മീറ്റർ ടാക്‌സികളാണ് മാർച്ച് മുതൽ സർവീസ് ആരംഭിക്കുന്നത്.

മത്ര, സുൽത്താൻ ഖാബൂസ് തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിലും ഓൺ കാൾ സർവീസുമാണ് മർഹബ ടാക്സി സേവനം ലഭ്യമാവുക. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് 3.5 റിയാൽ എന്നതാണ് നിരക്ക്. പിന്നീടുള്ള ഒരോ കിലോമീറ്ററിനും 500 ബൈസയും ഈടാക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴിയും മർഹബ ടാക്സികൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് മർഹബ ടാക്സി പ്രൊജക്ട് മാനേജർ യൂസുഫ് അൽ ഹൂതി പറഞ്ഞു. ബാങ്ക് കാർഡ് ഉപയോഗിച്ചും പണം നൽകിയും ടാക്സി സേവനം ഉപയോഗപ്പെടുത്താം.

അടുത്ത മാസത്തോടെ 200 ടാക്‌സികൾ സർവീസിനായി തയാറാകും. ഈ വർഷം അവസാനത്തോടെ മുവാസലാത്ത് മീറ്റർ ടാക്സികളും സർവീസ് നടത്തുമെന്ന് മുവാസലാത്ത് ചീഫ് എക്സിക്യൂട്ടൂവ് ഓഫീസർ അഹ്മദ് ബിൻ അലി അൽ ബലൂശി വ്യക്തമാക്കിയിരുന്നു. 500 കാറുകളാണ് ആദ്യ ഘട്ടത്തിൽ മീറ്റർ ഘടിപ്പിച്ച് മുവാസലാത്തിന് കീഴിൽ സർവീസ് നടത്തുക. 150 എയർപോർട്ട് ടാക്സി, 150 മാൾ ടാക്സി, 200 ഓൺ കാൾ ടാക്സി എന്നിവയാണ് മുവാസലാത്ത് സർവീസ് നടത്തുന്നത്.

ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്തു കഴിയുമ്പോൾ ടാക്‌സി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം, വാഹനത്തിന്റെ വിശദാംശങ്ങൾ, പ്രതീക്ഷിക്കുന്ന നിരക്ക് എന്നിവയെല്ലാം കസ്റ്റമർക്ക് ഉടൻ തന്നെ ലഭ്യമാകും. പണമായും കാർഡായും കസ്റ്റമർക്ക് ചാർജ് നൽകാം. രാജ്യത്തെ ടൂറിസം മേഖലയെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ടാക്‌സി സർവീസെന്നും ഏവർക്കും ഇതിന്റെ സേവനം ലഭ്യമാകുമെന്നും അധികൃതർ വെളിപ്പെടുത്തി.