കോഴിക്കോട്: ഐ എൻ എൽ വഹാബ് വിഭാഗം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. എ പി അബ്ദുൽവഹാബാണ് പ്രസിഡന്റ്. നാസർ കോയ തങ്ങളാണ് ജനറൽ സെക്രട്ടറി. എൻ കെ അബ്ദുൽ അസീസ് ഓർഗനൈസിങ് സെക്രട്ടറിയും ബഷീർ ബടേരി ട്രഷററുമാണ്. കെപി ഇസ്മായിൽ, എച്ച് മുഹമ്മദലി, മനോജ് സി നായർ, എം എ വഹാബ് ഹാജി, കെ എൽ എം കാസിം, എം കെ ഹാജി കാസർഗോഡ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഒ പി ഐ കോയ, അഡ്വ. ജെ തംറൂഖ്, സവാദ് മടവൂരാൻ കൊല്ലം, സത്താർ കുന്നിൽ, എംകോം നജീബ്, സാലി സജീർ എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ദേവർകോവിലിനെതിരെ എൽ ഡി എഫിന് പരാതി നൽകാൻ കൗൺസിൽ ഐക്യകണ്‌ഠേന തീരുമാനിച്ചു. മന്ത്രി അഹമ്മദ് ദേവർ കോവിൽ പാർട്ടിയുടെ മുതലാളിയല്ലെന്നും അദ്ദേഹം പാർട്ടിക്ക് വിധേയനാകണമെന്നും എ പി അബ്ദുൽ വഹാബ് വ്യക്തമാക്കി. വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാനുള്ള വഖഫ് ബോർഡ് നടപടികളെയും നിരുപാധിക പിന്തുണ നൽകുന്ന സർക്കാർ നിലപാടിനെയും കൗൺസിൽ സ്വാഗതം ചെയ്തു. രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് തിരിമറി നടത്തിയതിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വഖഫ് ബോർഡ് അംഗങ്ങളായ എം സി മായിൻഹാജിയും അഡ്വക്കറ്റ് പി വി സൈനുദ്ധീനും രാജിവെക്കണമെന്നും ഇല്ലെങ്കിൽ വഖഫ് ബോർഡ് ആസ്ഥാനത്തേക്ക് ഐ എൻ എൽ മാർച്ച് സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.

കെ റെയിൽ സർവേ തുടർന്നും നടത്താനുള്ള സുപ്രീം കോടതി വിധിയെ കൗൺസിൽ സ്വാഗതം ചെയ്തു. വികസന വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയുടെ സ്ഥാപക നേതാവും, കൗൺസിലറുമായ മൊയ്ദീൻകുട്ടി ഹാജി താനാളൂർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. 15 അംഗ സെക്രട്ടറിയേറ്റും, 12 അംഗ നയ രൂപീകരണ സമിതിയും നിലവിൽ വന്നു. പാർട്ടിയുടെ സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് പുതിയ അംഗങ്ങളെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ മാസം 17നാണ് ഐഎൻഎൽ ഔദ്യോഗികമായി പിളർന്നത്. വഹാബ് പക്ഷം സംസ്ഥാന കൗൺസിൽ വിളിച്ചുചേർത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിയായിരുന്നു വഹാബ് പക്ഷത്തിന്റെ നീക്കം.