മെൽബൺ: ഓസ്‌ടേലിയയിലെ കുടിയേറ്റക്കാരുടെ മാതാപിതാക്കളെ രാജ്യത്തേക്ക് അഞ്ചു വർഷത്തെ താത്ക്കാലിക വിസയിൽ കൊണ്ടുവരാൻ സർക്കാർ അനുമതി നൽകി. നിലവിലുള്ള ഒരു വർഷത്തെ വിസയ്ക്കു പകരമാണ് അഞ്ചു വർഷത്തെ താത്ക്കാലിക വിസ അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്. രാജ്യത്തെ കുടിയേറ്റക്കാർക്ക് ഏറെ സഹായകമാകുന്ന ഈ കാര്യം കുടിയേറ്റ കാര്യ സഹമന്ത്രി അലക്‌സ് ഹോക്ക് ആണ് പ്രഖ്യാപിച്ചത്.

ഒരു കുടുംബത്തിലെ മൂന്നു തലമുറകളെ ഒന്നിപ്പിക്കാൻ സഹായിക്കുന്ന തീരുമാനം' എന്ന വാഗ്ദാനത്തോടെയാണ് കുടിയേറ്റകാര്യ സഹമന്ത്രി വിസ പ്രഖ്യാപിച്ചത്. നിലവിലുള്ള സന്ദർശക വിസ ഉപയോഗിച്ച് മാതാപിതാക്കൾക്ക് ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി ഓസ്‌ട്രേലിയയിൽ ജീവിക്കാൻ കഴിയില്ല. അങ്ങനെ ജീവിക്കണമെങ്കിൽ ഒന്നുകിൽ കൂടുതൽ ഫീസ് നൽകി കോൺട്രിബ്യൂട്ടറി വിസ എടുക്കേണ്ടിവരും. കുറഞ്ഞ ചെലവിൽ പെർമനന്റ് വിസ ലഭിക്കാൻ 30 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നും, ഇത് കാര്യക്ഷമമല്ലെന്നും ഹോക് ചൂണ്ടിക്കാട്ടി.

50,000 ഡോളറിനടുത്ത് ഫീസ് നൽകിയെടുക്കുന്ന കോൺട്രിബ്യൂട്ടറി പേരന്റ് വിസ മാത്രമേ വേഗത്തിൽ കിട്ടുകയുള്ളൂ. അതേസമയം ഈ കോൺട്രിബ്യൂട്ടറി പേരന്റ് വിസയുടെ ഫീസ് വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രൊഡക്ടിവിറ്റി കമ്മീഷൻ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. രാജ്യത്തെത്തുന്ന ഓരോ പ്രായമാകുന്ന വ്യക്തിക്കു വേണ്ടി സർക്കാർ 335,000 ഡോളറിനും 410,000 ഡോളറിനും മധ്യേ ചെലവ് ചെയ്യേണ്ടി വരുന്നുവെന്നും 50,000 ഡോളർ എന്നത് തീരെ ചെറിയ തുക മാത്രമാണെന്നുമാണ് കമ്മിറ്റി വ്യക്തമാക്കിയത്.

എല്ലാ വർഷവും ഓസ്‌ട്രേലിയയിൽ ഫാമിലി റീയൂണിഫിക്കേഷൻ വിസാ പ്രോഗ്രാമിനു കീഴിൽ ശരാശരി 7200 ആൾക്കാർ എത്താറുണ്ട്. രാജ്യത്തെ വെൽഫെയർ പ്രോഗ്രാമുകളുടെ ആനുകൂല്യങ്ങൾ ഇവർ പറ്റുന്നുണ്ടെങ്കിലും ടാക്‌സ് ഇനത്തിൽ സർക്കാരിലേക്ക് തീരെ ചെറിയ തുകയേ ലഭ്യമാകുന്നുള്ളൂവെന്നും കമ്മിറ്റി വെളിപ്പെടുത്തുന്നു. കമ്മിറ്റിയുടെ ഈ ശുപാർശകൾ നിലനിൽക്കെയാണ് അഞ്ചു വർഷ വിസ അനുവദിച്ചുകൊണ്ട് സർക്കാർ പ്രഖ്യാപനം എത്തിയത്.

ഈ വിസയുടെ വിശദാംശങ്ങളെക്കുറിച്ചും നടപ്പാക്കുന്ന രീതിയെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായം കൂടി സർക്കാർ പരിഗണിക്കും. അതിനു ശേഷമായിരിക്കും വിസ പ്രാബല്യത്തിൽ വരിക. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ഡിസ്‌കഷൻ പേപ്പർ സർക്കാർ ജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ട്.