ദോഹ: മിനിസ്ട്രി ഓഫ് ഇക്കോണമി ആൻഡ് കൊമേഴ്‌സ് ഏർപ്പെടുത്തിയ പുതിയ പാർക്കിങ് നിരക്ക് നടപ്പിലാക്കാൻ മാളുകൾക്കും ഷോപ്പിങ് സെന്ററുകൾക്കും കമേഴ്‌സ്യൽ കോംപ്ലക്‌സുകൾക്കും നിർദ്ദേശം. ഷോപ്പിങ് മാളുകളും മറ്റും പാർക്കിങ് ഇനത്തിൽ ഉപയോക്താക്കളിൽ നിന്ന് അമിത നിരക്ക് വാങ്ങുന്ന രീതിക്ക് ഇനി മുതൽ പിടിവീഴും. മന്ത്രാലയം നിർദേശിച്ചിട്ടുള്ള തരത്തിൽ പാർക്കിങ് ഫീസ് ഈടാക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മന്ത്രാലയത്തിന്റെ നിരക്ക് അനുസരിച്ച് ആദ്യത്തെ രണ്ടു മണിക്കൂർ പാർക്കിംഗിന് രണ്ടു റിയാൽ വീതവും പിന്നീടുള്ള മൂന്നും നാലും മണിക്കൂർ നേരത്തേക്ക് മൂന്നു റിയാലും പിന്നീടുള്ള ഓരോ മണിക്കൂറും അഞ്ചു റിയാലുമാണ് നിരക്ക്. ഒരു ദിവസം ഏറ്റവും കൂടുതൽ ഈടാക്കാവുന്നത് 70 റിയാലാണ്. അതേസമയം വാഹന ഉടമയ്ക്ക് പാർക്കിങ് ടിക്കറ്റ് നഷ്ടമായാൽ 70 റിയാൽ നൽകേണ്ടി വരും.

വാലറ്റ് പാർക്കിങ് സൗകര്യം ലഭിച്ചിട്ടുള്ള കസ്റ്റമേഴ്‌സിന് 30 റിയാലും സ്‌പെഷ്യൽ വാലറ്റ് പാർക്കിംഗിന് 60 റിയാലുമാണ് നിരക്ക്. പാർക്കിങ് സ്‌പേസിന്റെ ലഭ്യതക്കുറവിനെ തുടർന്ന് 30 മിനിട്ടിനുള്ളിൽ പാർക്കിങ് ഏരിയ വിടുന്ന കസ്റ്റമേഴ്‌സിന് പാർക്കിങ് ഫീസിൽ നിന്നും ഒഴിവാക്കാനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. മന്ത്രാലയം അനുശാസിക്കുന്ന രീതിയിൽ പാർക്കിങ് ഫീസ് ഈടാക്കുന്നുണ്ടോ എന്നറിയാൽ മാർക്കറ്റുകളിലും കമേഴ്‌സ്യൽ കോംപ്ലെക്‌സുകളിലും ഇൻസ്‌പെക്ഷൻ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്.

അമിതനിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ ഇക്കാര്യം മന്ത്രാലയത്തെ അറിയിക്കാൻ വാഹന ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.