ദുബായ്: ദുബായിലെ കമേഴ്‌സ്യൽ മേഖലകളിൽ നടപ്പാക്കുന്ന പുതിയ പാർക്കിങ് ഫീസ് വർധന 28 മുതൽ പ്രാബല്യത്തിലാകും. മണിക്കൂറിന് നാലു ദിർഹം എന്ന തോതിലാണ് ദുബായിലെ 30,000 പാർക്കിങ് സ്ലോട്ടുകളിൽ നിരക്ക് പുതുക്കിയിരിക്കുന്നത്.

എമിറേറ്റിലെ 23 ശതമാനം സ്ഥലങ്ങളിലാണ് പുതിയ നിരക്കും സമയക്രമവും നടപ്പാക്കുന്നത്. 77 ശതമാനം സ്ലോട്ടുകളിൽ നിരക്ക് വർധന ബാധകമല്ല. രാവിലെ എട്ടു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് പാർക്കിങ് ഫീസ് അടയ്ക്കണം. മണിക്കിന് നാലു ദിർഹമാണ് ഫീസ്. എ മുതൽ ജി വരെയുള്ള സോണുകൾ തിരിച്ചുള്ള ഈ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയുള്ള സൗജന്യ പാർക്കിങ് എന്ന രീതി ഇനിയില്ല. റസിഡൻഷ്യൽ ഏരിയ ഉൾപ്പെടുന്ന സോൺ എയിലെ പൊതുപാർക്കിംഗുകൡ അര മണിക്കൂറിന് രണ്ടു ദിർഹം എന്ന നിരക്കിൽ പാർക്ക് ചെയ്യാം.

മൾട്ടി ലെവൽ പാർക്കിങ് മേഖലകളിലും മണിക്കൂറിന് മൂന്ന് ദിർഹമെന്നത് അഞ്ചു ദിർഹമാക്കി വർധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഫിഷ് മാർക്കറ്റ്, മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ എന്നിവയൊഴികെയുള്ള സ്ഥലങ്ങളിലും സൗജന്യ പാർക്കിങ് ലഭ്യമാണ്.  ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ സർക്കാർ തുടങ്ങിയവർക്ക് പാർക്കിങ് ഫീസിൽ ഇളവുണ്ട്. ഇതിനായി പതിനൊന്ന് തരം പാർക്കിങ് അനുമതികളും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി ഭിന്നശേഷിയുള്ളവർ, താത്ക്കാലിക ഭിന്നശേഷിക്കാർ, ഭിന്നശേഷിയുള്ള സഞ്ചാരികൾ, എമിറേറ്റിലെ സന്ദർശകർ,

ദീർഘകാലമായി ചികിത്സയിലുള്ളവരും സ്ഥിരമായി ആശുപത്രിയിൽ പോകുന്നവരുമായ ആളുകൾ അറുപത് വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, നിയന്ത്രിത പാർക്കിങ് ഉള്ള സ്ഥലങ്ങളിൽ പൊതു ഇടങ്ങളിലെ താമസക്കാർ, സർക്കാർ ഉന്നതർ, എമിറേറ്റിലെ കോൺസുലേറ്റുകൾ, പാർക്കിംഗിന് നിരോധനമുള്ള റസിഡൻഷ്യൽ കമ്യൂണിറ്റികളിൽ താമസിക്കുന്നവർ, രാത്രികാലങ്ങളിൽ നോൺ റസിഡന്റ്സിന് കാർപാർക്കിങ് നിരോധിച്ചിട്ടുള്ളവർ എന്നിവർക്കാണ് ഇളവുള്ളത്. ഇതിന് പുറമെ സർവകലാശാല വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കും.